കവരത്തി: സ്ഥിരനിയമനങ്ങൾ നടത്താതെ ഒഴിവുകൾ നിലനിർത്തിക്കൊണ്ട് ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് ലക്ഷദ്വീപിൽ നിശ്ചയിച്ചിട്ടുള്ള സ്കിൽ ടെസ്റ്റ് ഇന്ന് നടക്കാനിരിക്കെ, പ്രതിഷേധവുമായി അധ്യാപകരും ഉദ്യോഗാർത്ഥികളും. താൽക്കാലിക പരിഹാരങ്ങൾക്ക് അപ്പുറം ശാശ്വതമായ സ്ഥിരനിയമനം (Regular Recruitment) ഉറപ്പാക്കണമെന്ന ആവശ്യവുമായാണ് അധ്യാപകർ ഇന്ന് സ്കിൽ ടെസ്റ്റ് ബഹിഷ്കരിച്ചിരിക്കുന്നത്.

തസ്തികകളിലെ സ്ഥിരനിയമനം വൈകുന്നതും, നിലവിലുള്ള അക്കാദമിക് വർഷത്തിന്റെ അവസാന ഘട്ടത്തിൽ മാത്രം സ്കിൽ ടെസ്റ്റ് നടത്തുന്നതും ഉദ്യോഗാർത്ഥികളിൽ വലിയതോതിലുള്ള ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മാർച്ച് 31 വരെ മാത്രം കാലാവധിയുള്ള മൂന്ന് മാസത്തെ അക്കാദമിക് വർഷത്തിനായി പെട്ടെന്ന് നടത്തുന്ന ഇത്തരം പരീക്ഷകൾ ഉദ്യോഗാർത്ഥികളിൽ അനാവശ്യ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ടെന്ന് സമരക്കാർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, കൃത്യമായ സിലബസോ മുൻകൂട്ടിയുള്ള അറിയിപ്പോ ഇല്ലാതെ 90 മിനിറ്റിൽ 60 മാർക്കിനായി നടത്തുന്ന ഈ പരീക്ഷ സുതാര്യമല്ലെന്നും ആരോപണമുണ്ട്.

സി.ടി.ഇ.ടി (CTET), കെ.വി.എസ് (KVS), എൻ.വി.എസ് (NVS), ഇ.എം.ആർ.എസ് (EMRS) തുടങ്ങിയ ദേശീയതല മത്സരപ്പരീക്ഷകൾക്കായി വർഷം മുഴുവൻ കഠിനാധ്വാനം ചെയ്ത് ഉയർന്ന സ്കോർ നേടുന്ന യോഗ്യരായ ഉദ്യോഗാർത്ഥികളുടെ കഴിവുകൾ നീതിയുക്തമായ രീതിയിൽ വിലയിരുത്താൻ ഇത്തരം നടപടികൾ സഹായിക്കില്ല. പ്രത്യേക പരിഗണനകളല്ല, മറിച്ച് കൃത്യമായ സിലബസും മതിയായ തയ്യാറെടുപ്പ് സമയവും സുതാര്യമായൊരു റിക്രൂട്ട്മെന്റ് പ്രക്രിയയുമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അധ്യാപകർ വ്യക്തമാക്കുന്നു.

അടുത്ത അധ്യയന വർഷത്തേക്കുള്ള കോൺട്രാക്ട് നിയമന നടപടികൾ നേരത്തെ ആരംഭിക്കുക, സ്കിൽ ടെസ്റ്റിന്റെ സിലബസും തീയതിയും മുൻകൂട്ടി പ്രസിദ്ധീകരിക്കുക, ഗസ്റ്റ് അധ്യാപകരുടെ വേതനം വർധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്നുണ്ട്. വർഷങ്ങളായി തുടരുന്ന താൽക്കാലിക നിയമന സമ്പ്രദായം അവസാനിപ്പിച്ച് സമയബന്ധിതവും സുതാര്യവുമായ സ്ഥിരനിയമനം നടപ്പിലാക്കുന്നത് വരെ ഐക്യത്തോടെ മുന്നേറാനാണ് ലക്ഷദ്വീപിലെ അധ്യാപക കൂട്ടായ്മയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here