
കടമത്ത്: കടമത്ത് ഗവൺമെന്റ് കോളേജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും നടത്തുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ, എം.പി. അഡ്വ. ഹംദുള്ള സയീദിന്റെ വാക്കുകളെ ചൊല്ലി ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി എൽ.ടി.സി.സി. സെക്രട്ടറി ടി.കെ. അബ്ദുൽ ജബ്ബാർ രംഗത്തെത്തി. സമരത്തിന്റെ ഐക്യവും ദ്വീപ് ജനതയുടെ ഒരുമയും തകർക്കുന്ന രീതിയിലുള്ള തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം വിശദീകരണ വീഡിയോയിലൂടെ അഭ്യർത്ഥിച്ചു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലുമായി നടന്ന സംഭാഷണത്തിൽ ഉയർന്നുവന്ന വിവരങ്ങൾ ജനങ്ങളെയും വിദ്യാർത്ഥികളെയും ധരിപ്പിക്കുക മാത്രമാണ് എം.പി. ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
പണ്ടാരം ഭൂമിയും ടൂറിസം വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പ്രധാന ലക്ഷ്യങ്ങളാണെന്നും, ചർച്ചയ്ക്കിടെ അഡ്മിനിസ്ട്രേറ്റർ ഈ വിഷയങ്ങൾ ഉന്നയിച്ചപ്പോൾ തന്നെ എം.പി. അത് തള്ളിക്കളഞ്ഞിരുന്നതായും അബ്ദുൽ ജബ്ബാർ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങളും ഭൂമിയിലെ അവകാശങ്ങളും പണയം വെച്ചുകൊണ്ട് യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും ജനപ്രതിനിധി തയ്യാറായിട്ടില്ല. അഡ്മിനിസ്ട്രേറ്റർ മുന്നോട്ടുവെച്ച കർശന നിലപാടുകൾ യഥാതഥമായി യോഗത്തിൽ പങ്കുവെക്കുക മാത്രമാണ് എം.പി. ചെയ്തതെന്നും, അല്ലാതെ അഡ്മിനിസ്ട്രേഷന്റെ ആവശ്യങ്ങൾക്ക് വഴങ്ങാൻ ആവശ്യപ്പെടുകയായിരുന്നില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
സമര രംഗത്തുള്ള വിദ്യാർത്ഥികളുടെ ഭാവിയെ കരുതലോടെ കണ്ടുകൊണ്ടാണ് എം.പി. സംസാരിച്ചതെന്ന് വിഡിയോയിലൂടെ ടി.കെ. അബ്ദുൽ ജബ്ബാർ ചൂണ്ടിക്കാട്ടി. അഡ്മിനിസ്ട്രേഷൻ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ സാധ്യതയുള്ളതിനാൽ വിദ്യാർത്ഥികൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും, നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സമരം മുന്നോട്ടുകൊണ്ടുപോകണമെന്നുമാണ് എം.പി. നിർദ്ദേശിച്ചത്. കടമത്തിലെ ജനങ്ങൾക്കിടയിലെ ഐക്യവും പോരാട്ടവീര്യവും തകർക്കാൻ ഈ വിഷയം ദുരുപയോഗം ചെയ്യരുതെന്നും, അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ ദ്വീപ് ജനതയുടെ പോരാട്ടത്തിൽ പാർട്ടി ഉറച്ചുനിൽക്കുമെന്നും എൽ.ടി.സി.സി. സെക്രട്ടറി വ്യക്തമാക്കി.
















