കിൽത്താൻ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെയും കേന്ദ്ര സർക്കാരിന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരെ കിൽത്താൻ ദ്വീപിൽ ശക്തമായ ജനകീയ പ്രതിരോധം തീർത്ത് നാട്ടുകാർ രംഗത്തിറങ്ങി. ജനാധിപത്യ അവകാശങ്ങളും നാടിന്റെ നിലനിൽപ്പും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുവജന കൂട്ടായ്മകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കിൽത്താൻ ഹൈസ്കൂൾ ഗ്രൗണ്ടിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി ആളുകളാണ് ഈ കൂട്ടായ്മയിൽ അണിനിരന്നത്.

​രാഷ്ട്രീയ കക്ഷിരാഷ്ട്രീയ ഭേദങ്ങൾ മാറ്റിവെച്ച് ദ്വീപ്വാസികൾ ഒറ്റക്കെട്ടായി അണിനിരന്ന സമരത്തിൽ ഇന്ത്യൻ ദേശീയ പതാകയും ഭരണഘടനയുടെ ആമുഖവും ഉയർത്തിപ്പിടിച്ചത് ശ്രദ്ധേയമായി. നാടിന്റെ മണ്ണും പരമ്പരാഗത ജീവിതരീതികളും അവകാശങ്ങളും കവർന്നെടുക്കുന്ന ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷൻ ഉൾപ്പെടെയുള്ള ജനവിരുദ്ധ നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ദ്വീപിന്റെ ഭാവി നിർണയിക്കുന്ന നിർണായക തീരുമാനങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും പൂർണ്ണമായും അവഗണിക്കുന്ന ഭരണകൂട നടപടിക്കെതിരെ പ്രതിഷേധക്കാർ ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു.

​ചടങ്ങിൽ കുഞ്ഞിസീതിക്കോയ, മഹദാഹുസൈൻ, മുഹമ്മദ് സിയാദ്, സബാഹ് അറക്കൽ, റഹ്മത്തുള്ള, ഹിദായത്ത്, ശിഹാബ് തുടങ്ങിയ പ്രമുഖർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഈ പ്രതിഷേധം ഒരു ദിവസത്തെ പ്രകടനത്തിൽ അവസാനിക്കില്ലെന്നും, അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ ശക്തമായ തുടർസമരങ്ങളുമായി മുന്നോട്ട് പോകുമെന്നും സംഘാടകർ വ്യക്തമാക്കി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ വരുന്ന ഒക്ടോബർ 22-ന് ദ്വീപിൽ തീപ്പന്തം റാലിയും തുടർപ്രക്ഷോഭങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ-സംഘടനാ വേർതിരിവുകൾക്കതീതമായി മുഴുവൻ ജനങ്ങളും അവകാശ സംരക്ഷണ പോരാട്ടത്തിൽ പങ്കാളികളാകണമെന്ന് സംഘാടകർ ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here