
ആന്ത്രോത്ത്: ലക്ഷദ്വീപ് മുൻ പാർലമെന്റ് അംഗം മുഹമ്മദ് ഫൈസൽ നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ മുൻ ലക്ഷദ്വീപ് ജില്ലാ കളക്ടർ എസ്. അസ്കർ അലി ഐ.എ.എസിന് ആന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചു. ഔദ്യോഗികവും അനൗദ്യോഗികവുമായ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ തന്നെ വ്യക്തിപരമായും പൊതുമധ്യത്തിലും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഫൈസൽ ആന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
ലക്ഷദ്വീപിൽ ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്ന 2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ കളക്ടറായിരുന്ന അസ്കർ അലി, ദ്വീപിലെ ഉദ്യോഗസ്ഥരടങ്ങിയ ഔദ്യോഗിക ഗ്രൂപ്പുകളിലും മറ്റ് വാട്സ്ആപ്പ് കൂട്ടായ്മകളിലും അന്നത്തെ സിറ്റിംഗ് എം.പിയായിരുന്ന മുഹമ്മദ് ഫൈസലിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള തന്റെ പ്രതിച്ഛായ ഉദ്യോഗസ്ഥർക്കിടയിലും പൊതുസമൂഹത്തിലും മനഃപൂർവ്വം ഇല്ലാതാക്കാൻ കളക്ടർ ശ്രമിച്ചുവെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച ആന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, പരാതിക്കാരന്റെയും സാക്ഷികളുടെയും പ്രാഥമിക മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് മുൻ കളക്ടർ അസ്കർ അലിയോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ മുൻ എം.പിയും മുൻ ജില്ലാ കളക്ടറും തമ്മിലുള്ള ഈ നിയമപോരാട്ടം നിലവിൽ സിവിൽ സർവീസ്-രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. കേസിൽ മുഹമ്മദ് ഫൈസലിനു വേണ്ടി ലക്ഷദ്വീപ് ലോ ചെമ്പേഴ്സിലെ അഡ്വ. കോയാ അറഫാ മിറാജ്, അഡ്വ. സബീഹ് അമാൻ, മുക്തിയാർ അസ്തർ ഖാൻ, അസോസിയേറ്റഡ് അഡ്വ. വി. മനോജ്, മുക്തിയാർ കുന്നിസീത്തിക്കോയ കണ്ടേത് എന്നിവരാണ് ഹാജരായത്.
















