
കവരത്തി: ലക്ഷദ്വീപിലെ നിലവിലെ ഭരണകൂട വിരുദ്ധ അസംതൃപ്തികളിൽ കോൺഗ്രസ് പാർട്ടി സജീവമായി ഇടപെടുന്നില്ലെന്ന വിമർശനവുമായി എൻ.എസ്.യു.ഐ, ലക്ഷദ്വീപ് എം.പിയും ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മറ്റി (എൽ.ടി.സി.സി) പ്രസിഡന്റുമായ മുഹമ്മദ് ഹംദുള്ളാ സഈദിന് കത്തയച്ചു. സംഘടനാതലത്തിൽ മാത്രം ചർച്ച ചെയ്യപ്പെടേണ്ട അതീവ രഹസ്യ സ്വഭാവമുള്ള ഈ കത്ത് മാധ്യമങ്ങൾക്ക് ചോർന്നത് ലക്ഷദ്വീപ് കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ വികലമായ വികസന നയങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം പുകയുമ്പോൾ, വെറും പത്രപ്രസ്താവനകളിലോ പ്രതീകാത്മക എതിർപ്പുകളിലോ ഒതുങ്ങാതെ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകാൻ കോൺഗ്രസ് മുന്നിട്ടിറങ്ങണമെന്ന് കത്തിൽ ശക്തമായി ആവശ്യപ്പെടുന്നു.
കാവരത്തിയിലെ കോൺഗ്രസ് ഭവനിൽ നിന്ന് ഒക്ടോബർ 8-ന് അയച്ചതായി കാണിക്കുന്ന കത്തിൽ, ദ്വീപിൽ നിലനിൽക്കുന്ന ജനാധിപത്യ ശൂന്യതയെക്കുറിച്ചാണ് പ്രഥമമായി ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക ഭരണകൂടമായ ഡിസ്ട്രിക്റ്റ് പഞ്ചായത്ത് വർഷങ്ങളായി പിരിച്ചുവിട്ട നിലയിലാണെന്നും, അതിനാൽ ജനങ്ങളുടെ കൂട്ടായ പരാതികളും ആവശ്യങ്ങളും ഉന്നയിക്കാൻ മറ്റ് ജനകീയ വേദികളില്ലെന്നും കത്ത് വ്യക്തമാക്കുന്നു. ഇത്തരം ഒരു അടിയന്തര സാഹചര്യത്തിൽ, ലക്ഷദ്വീപിന്റെ പാർലമെന്റ് പ്രതിനിധി എന്ന നിലയിൽ ഹംദുള്ളാ സഈദ് എം.പിക്ക് ഭരണഘടനാപരമായും രാഷ്ട്രീയമായും വലിയ ഉത്തരവാദിത്തമുണ്ടെന്ന് എൻ.എസ്.യു.ഐ നേതൃത്വം ഓർമ്മിപ്പിക്കുന്നു. ദ്വീപ് നിവാസികളുടെ ദൈനംദിന ജീവിതം, ജീവിതോപാധി, വിദ്യാഭ്യാസം, തൊഴിൽ, ടൂറിസം, പരമ്പരാഗത അവകാശങ്ങൾ, സാമൂഹിക അന്തരീക്ഷം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള ഭരണകൂടത്തിന്റെ വിവിധ ഉത്തരവുകളും നിയന്ത്രണങ്ങളും ജനങ്ങൾക്കിടയിൽ വൻ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നും, ഇത് അവഗണിക്കാൻ കഴിയില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസ് പ്രസ്ഥാനവും എൻ.എസ്.യു.ഐ പ്രവർത്തകരും യുവാക്കളും വിദ്യാർത്ഥികളും പ്രത്യക്ഷ സമരങ്ങൾക്ക് തയ്യാറാണെങ്കിലും പാർട്ടി നേതൃത്വം വ്യക്തമായൊരു സംഘടനാ നിലപാടെടുക്കാത്തതാണ് തടസ്സമെന്ന് കത്തിൽ തുറന്നടിക്കുന്നു. ‘കോൺഗ്രസ് നിശബ്ദ കാഴ്ചക്കാരനായിരിക്കരുത്’ എന്ന് ആഹ്വാനം ചെയ്യുന്ന കത്തിൽ, കേവലം പ്രസ്താവനകൾ നൽകാതെ, പരാതികളിൽ നിന്ന് പ്രതിഷേധങ്ങളിലേക്കും നിരീക്ഷണങ്ങളിൽ നിന്ന് നേരിട്ടുള്ള ഇടപെടലുകളിലേക്കും പാർട്ടി മാറണമെന്ന് ആവശ്യപ്പെടുന്നു. ഭരണകൂടത്തിന്റെ ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ സമാധാനപരവും നിയമപരവുമായ ജനാധിപത്യ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക, യുവാക്കൾക്കും വിദ്യാർത്ഥികൾക്കും പോരാടാൻ ശക്തമായ വേദി ഒരുക്കുക, ലക്ഷദ്വീപ്പിലെ യഥാർത്ഥ പ്രശ്നങ്ങൾ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തുക, ഭരണകൂടം തന്നിഷ്ടപ്രകാരം നയങ്ങൾ നടപ്പാക്കുന്നത് തടഞ്ഞ് സുതാര്യമായ പൊതുജന കൂടിയാലോചനകൾക്ക് സമ്മർദ്ദം ചെലുത്തുക എന്നിവയാണ് കത്തിലൂടെ പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ.
ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ ജനാധിപത്യപരമായ ഒറ്റപ്പെടലായി മാറരുതെന്നും, ഭരണകൂടത്തിന്റെ അധികാരം ജനങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്മയായി മാറരുതെന്നും അഷ്ഹർ ഷബീബ് കത്തിലൂടെ മുന്നറിയിപ്പ് നൽകുന്നു. നിശബ്ദത രാഷ്ട്രീയ പരിഹാരമല്ലെന്നും, ജനാധിപത്യപരമായ ജനശബ്ദമാണ് ഇതിന് മറുപടിയെന്നും ചൂണ്ടിക്കാട്ടി എം.പി അടിയന്തരമായി എൽ.ടി.സി.സി യോഗം വിളിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിക്കണമെന്നാണ് കത്തിലെ അന്തിമ ആവശ്യം. പാർട്ടിക്കുള്ളിലെ ആഭ്യന്തര കത്തുകൾ മാധ്യമങ്ങളിലൂടെ പരസ്യമായത്, ലക്ഷദ്വീപ് കോൺഗ്രസിനുള്ളിൽ ജനകീയ സമരങ്ങളെച്ചൊല്ലി നേതൃത്വവും പോഷക സംഘടനകളും തമ്മിലുള്ള ഭിന്നതയും അസംതൃപ്തിയുമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
















