
ആന്ത്രോത്ത്: ജില്ലാ കളക്ടർ ശിവം ചന്ദ്രയുടെ നേതൃത്വത്തിൽ കവരത്തിയിലെ സ്വകാര്യ ഭൂമിയിൽ അനധികൃതമായി കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതുമായി സംഭവത്തിലും തുടർന്ന് നടന്ന പ്രതിഷേധങ്ങളിലുമായി പോലീസ് അറസ്റ്റ് ചെയ്ത എല്ലാവർക്കും ജാമ്യം ലഭിച്ചു. രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ട് ദിവസങ്ങളിലായി കസ്റ്റഡിയിലെടുത്ത എൻ.സി.പി (എസ്.പി) നേതാക്കൾ ഉൾപ്പെടെയുള്ളവർക്കാണ് ആന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഭരണകൂട നടപടികൾക്കെതിരെ ജനകീയ പ്രതിരോധം തീർത്തവർക്ക് കോടതിയിൽ നിന്നും ലഭിച്ച ജാമ്യ ഉത്തരവ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയായി മാറി. പ്രതിഷേധിക്കുന്നവരെയും ശബ്ദമുയർത്തുന്നവരെയും തുറങ്കലിൽ അടച്ച് നിശബ്ദരാക്കാനുള്ള ഭരണകൂട നീക്കമാണ് ഈ വിധിയിലൂടെ ഇല്ലാതാവുന്നത്.
ജില്ലാ കളക്ടർ ശിവം ചന്ദ്രയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ആദ്യദിനം അറസ്റ്റ് ചെയ്ത എൻ.വൈ.സി (NYC) സംസ്ഥാന വൈസ് പ്രസിഡന്റ് അഫ്സർ ഖാൻ, കെ.പി. റഷീദ്, പി. മുസ്തഫ, സലീം ഷാ എന്നീ 4 പേർക്ക് ഉൾപ്പെടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജനകീയ പ്രതിഷേധങ്ങൾക്കിടയിൽ പങ്കെടുത്തതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ഇവർക്കായി സമർപ്പിച്ച ജാമ്യാപേക്ഷ വിശദമായി പരിഗണിച്ച ശേഷമാണ് കോടതി അനുകൂല ഉത്തരവിട്ടത്.
ഇതിനുപിന്നാലെ, ചെറിയകോയയെ അറസ്റ്റ് ചെയ്യുന്നതിനെതിരെ നടത്തിയ കവരത്തിയിലെ ജനകീയ പ്രതിഷേധങ്ങൾക്കിടയിൽ പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന രണ്ടാമത്തെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകൻ അഡ്വ. പി.കെ. സലീമിനെ ഒന്നാം പ്രതിയാക്കി മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിൽ 14 പേർക്ക് ഇന്നലെ സ്റ്റേഷൻ ജാമ്യം അനുവദിച്ചിരുന്നു. സൈദ് ഹാമിദ് ചെറിയകോയ രണ്ടാം പ്രതിയായ ഈ കേസിൽ അറസ്റ്റിലായവർ ഉൾപ്പെടെ 8 പേർക്കാണ് ഇന്ന് ആന്ത്രോത്ത് കോടതി ജാമ്യം അനുവദിച്ചത്. മുഴുവൻ പ്രതികൾക്കും ജാമ്യം അനുവദിച്ചതോടെ പോലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ഭരണകൂട നീക്കങ്ങൾക്ക് വൻ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
















