
കവരത്തി: സ്വകാര്യ ഭൂമി കയ്യേറാൻ ശ്രമിച്ച ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ കടുത്ത അമർഷവും പ്രതിഷേധവുമായി ജനപ്രതിനിധികൾ രംഗത്തെത്തി. മുൻ എൻ.വൈ.സി (NYC) അധ്യക്ഷനും ‘സോഷ്യലിസ്റ്റ് ടോാക്സ്’ എഡിറ്ററുമായ സൈദ് ഹാമിദ് ചെറിയകോയയെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഭരണകൂടത്തിന്റെ നിലപാടിനെതിരെ ശക്തമായ വിമർശനമാണ് ലക്ഷദ്വീപ് എം.പി Adv. ഹംദുള്ളാ സഈദും മുൻ എം.പി പി.പി. മുഹമ്മദ് ഫൈസലും ഉന്നയിച്ചിരിക്കുന്നത്.
ഭൂമി കയ്യേറ്റത്തിനെതിരെ ശബ്ദമുയർത്തിയതിന് പ്രദേശവാസികളെയും നേതാക്കളെയും അറസ്റ്റ് ചെയ്ത് ഭയപ്പെടുത്താമെന്ന് കരുതുന്നത് ജനാധിപത്യത്തോടുള്ള തുറന്ന വെല്ലുവിളിയാണെന്ന് മുൻ എം.പി പി.പി. മുഹമ്മദ് ഫൈസൽ ചൂണ്ടിക്കാട്ടി. കളക്ടറും സംഘവും നടത്തിയ അനധികൃത ഭൂമി കയ്യേറ്റശ്രമങ്ങൾക്കെതിരെ ശക്തമായി പോരാടിയ ചെറിയകോയയ്ക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച അദ്ദേഹം, ദ്വീപിന്റെ മണ്ണും അവകാശങ്ങളും സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ജനങ്ങൾക്കൊപ്പം എന്നും ഉറച്ചുനിൽക്കുമെന്നും അറിയിച്ചു.
ലക്ഷദ്വീപ് ജനങ്ങളുടെ സ്വകാര്യ ഭൂമികളിലേക്കും മറ്റ് സ്വത്തുക്കളിലേക്കും അന്യായമായി കൈകടത്തുന്ന അഡ്മിനിസ്ട്രേഷനിലെ ചില ഉദ്യോഗസ്ഥരുടെ അന്യായ നടപടികളിൽ നിന്ന് ഭരണകൂടം ഉടൻ പിന്മാറണമെന്ന് ലക്ഷദ്വീപ് എം.പി Adv. ഹംദുള്ളാ സഈദ് ആവശ്യപ്പെട്ടു. ഇത്തരം കൈകടത്തലുകൾ അടിയന്തരമായി നിർത്തിവെക്കണമെന്നും ഇത് ഇനി ആവർത്തിക്കരുതെന്നും ഭരണകൂടത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിൽ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യക്തമായ നോട്ടീസുകൾ നൽകാതെയും നിയമപരമായ കാരണങ്ങൾ ഇല്ലാതെയുമുള്ള ഇത്തരം പരിശോധനകൾ തുടരുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















