
കവരത്തി: ലക്ഷദ്വീപ് ഭരണകൂടവും പ്രദേശവാസികളും തമ്മിലുള്ള തർക്കം രൂക്ഷമാക്കിക്കൊണ്ട് തലസ്ഥാന ദ്വീപായ കവരത്തിയിൽ വൻ സംഘർഷവും നാടകീയ രംഗങ്ങളും. മുൻ എൻവൈസി (NYC) അധ്യക്ഷനും ‘സോഷ്യലിസ്റ്റ് ടോാക്സ്’ എഡിറ്ററുമായ സൈദ് ഹാമിദ് ചെറിയകോയയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഭൂമിയിൽ ലക്ഷദ്വീപ് ജില്ലാ കളക്ടർ ശിവം ചന്ദ്ര നേരിട്ടെത്തി പ്രവേശിച്ചതിനെത്തുടർന്നാണ് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടത്. കളക്ടറുടെ നടപടിയെ സൈദ് ഹാമിദ് ചെറിയകോയയും പാർട്ടി പ്രവർത്തകരും ചേർന്ന് ശക്തമായി പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.
തുടർന്ന്, കളക്ടറുടെ ഉത്തരവിൻപ്രകാരം കവരത്തി എസ്.എച്ച്. അലി അക്ബർ, ഐ.ആർ.ബി.എൻ സിഐ നൂർ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും അർദ്ധസൈനിക വിഭാഗവും അടങ്ങുന്ന സംഘം സ്ഥലത്തെത്തുകയും ചെറിയകോയയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കവറത്തിയിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്തുനിന്നാണ് വലിയ പ്രതിഷേധങ്ങൾക്കിടയിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയാൻ പാർട്ടി പ്രവർത്തകരും പ്രദേശവാസികളും പരമാവധി ശ്രമിച്ചെങ്കിലും വൻ പോലീസ് സന്നാഹം ഉപയോഗിച്ച് ഭരണകൂടം അറസ്റ്റ് ചെയ്ത് നീക്കുകയാണ് ചെയ്തത്. അറസ്റ്റ് ചെയ്തു പോലീസ് വണ്ടിയിൽ കയറ്റിയ ശേഷം ദീർഘ നേരം വണ്ടി മുന്നോട്ട് പോകാൻ സമ്മതിക്കാതെ പ്രവർത്തകർ തടഞ്ഞു നിർത്തിയ ശേഷമാണ് ചെറികോയയെ കൊണ്ടുപോയത്.
സ്വകാര്യ ഭൂമിയിൽ അനധികൃതമായി പ്രവേശിക്കാൻ കളക്ടർക്ക് യാതൊരു അവകാശവുമില്ലെന്നും ഭരണകൂടത്തിന്റെ ഈ ഏകപക്ഷീയമായ ‘ബുൾഡോസർ രാജ്’ ഇനി ദ്വീപുവാസികൾ അനുവദിക്കില്ലെന്നും പ്രാദേശിക നേതാക്കളും ജനങ്ങളും രോഷത്തോടെ പ്രതികരിച്ചു. രാഷ്ട്രീയമായ ചേരിതിരിവുകൾക്കപ്പുറം, ഭൂമിയും അവകാശങ്ങളും സംരക്ഷിക്കുന്ന കാര്യത്തിൽ എല്ലാ ദ്വീപുവാസികളും ഒന്നിച്ചുനിൽക്കുമെന്നും അവസാന ശ്വാസം വരെ പോരാടുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. ഭരണകൂടത്തിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജനങ്ങൾ ഒന്നടങ്കം അണിനിരക്കുന്ന കാഴ്ചയ്ക്കാണ് കവരത്തിയിലും ലക്ഷദ്വീപിൽ മുഴുവനായും ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
















