
കൊച്ചി: ലക്ഷദ്വീപിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപക-വിദ്യാർത്ഥി അനുപാതം, ഒഴിവുകൾ എന്നിവ സംബന്ധിച്ച് യഥാർത്ഥ കണക്കുകൾ മറച്ചുവെച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ദ്വീപിൽ സ്ഥിരം അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ മുഹമ്മദ് മുസ്ലിം ഖാൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ഈ നടപടി. ചീഫ് ജസ്റ്റിസ് ഷമൈം അഹമ്മദ് സെൻ, ജസ്റ്റിസ് വി. എം. ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശപ്രകാരമാണ് അഡ്മിനിസ്ട്രേഷൻ അധിക സത്യവാങ്മൂലം നൽകിയത്.
എന്നാൽ, നിർത്തിയലാക്കുകയോ അടച്ചുപൂട്ടുകയോ ചെയ്ത സ്കൂളുകളെക്കുറിച്ചുള്ള വിവരങ്ങൾ ഈ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. കൂടാതെ നൽകിയിട്ടുള്ള വിവരങ്ങളിൽ ഗുരുതരമായ വൈരുദ്ധ്യങ്ങളുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് സമർപ്പിച്ച രേഖകൾ പ്രകാരം 32 സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും 828 അധ്യാപകരുണ്ടെന്നുമാണ് (655 സ്ഥിരം, 173 ഗസ്റ്റ്) അവകാശപ്പെടുന്നത്. എന്നാൽ നിലവിലുള്ള ഒഴിവുകളെക്കുറിച്ച് ഇതിൽ വ്യക്തതയില്ല.
യഥാർത്ഥത്തിൽ ദ്വീപിലെ 49.21 ശതമാനം സ്കൂളുകളും അടച്ചുപൂട്ടിയ നിലയിലാണ്. മുൻപ് 2020-ൽ 11 സീനിയർ സെക്കൻഡറി, 2 സെക്കൻഡറി, 7 യു.പി, 23 ജൂനിയർ ബേസിക്, 20 നഴ്സറി എന്നിങ്ങനെ ആകെ 63 സ്കൂളുകൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 32 എണ്ണം മാത്രമാണ് ശേഷിക്കുന്നത്. 31 സ്കൂളുകൾ അടച്ചുപൂട്ടിയതോടെ ക്ലാസ് മുറികൾ, കളിസ്ഥലങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ 49 ശതമാനമായി കുറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് മുൻപ് പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ജീവനക്കാരുടെ എണ്ണം 1,257 ആയിരുന്നെങ്കിൽ, നിലവിൽ അത് 768 മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. 489 തസ്തികകളാണ് ഇപ്പോൾ ഒഴിവുകിടക്കുന്നത്. 11 സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ തസ്തികകളിൽ ഒൻപതും, സീനിയർ ബേസിക് സ്കൂൾ എച്ച്.എം ഒഴിവുള്ള 17-ൽ 10-ഉം, 386 എൽ.പി.എസ്.ടി തസ്തികകളിൽ 150-ഉം, 249 ഭാഷാ അധ്യാപക തസ്തികകളിൽ 114-ഉം നികത്തപ്പെടാതെ കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
















