അഗത്തി: പാലക്കാട് വിക്ടോറിയ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘ലാക് വിക്ടോറിയൻസി’ന്റെ ചരിത്രത്തിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷത്തിന് അഗത്തി വിക്ടോറിയൻസ് വേദി സാക്ഷ്യം വഹിച്ചു. വരാനിരിക്കുന്ന വാർഷിക സമ്മേളനമായ ‘എക്കോസ് (ECHOES) 2026’-ന്റെ ഭാഗമായി നടന്ന ചടങ്ങിൽ, മുൻവർഷത്തെ സമ്മേളന നഗരിയായ അമേനിയിൽ നിന്ന് കൊണ്ടുവന്ന സംഘടനയുടെ ഔദ്യോഗിക ‘അലുമിനി ഫ്ലാഗ്’ കൈമാറി. പതാക ഏറ്റുവാങ്ങി അഗത്തിയിലെത്തിക്കാൻ ചുമതലപ്പെട്ടിരുന്ന മുതിർന്ന അംഗം എം. ഫത്തഹുള്ള മാസ്റ്ററുടെ വേർപാടിന്റെ നോവിലാണ് ചടങ്ങ് നടന്നത്. അദ്ദേഹത്തിന്റെ ആഗ്രഹപൂർത്തീകരണമെന്നോണം പത്നി കദീശോമ്മ ബീവി കണ്ണീരടക്കി ദൃഢമനസ്സോടെ പതാക ഈ വർഷത്തെ സമ്മേളന കമ്മിറ്റിക്ക് കൈമാറിയപ്പോൾ വേദി പ്രാർത്ഥനാനിർഭരമായി.

​നവംബർ 21, 22, 23 തീയതികളിൽ അഗത്തിയിലാണ് ‘എക്കോസ് 2026’ അരങ്ങേറുന്നത്. ഫത്തഹുള്ള മാസ്റ്ററുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച അംഗങ്ങൾ, അദ്ദേഹത്തിന്റെ സ്മരണകൾ ഊർജ്ജമാക്കി സമ്മേളനം ചരിത്രവിജയമാക്കുമെന്ന് ഉറപ്പിച്ചു. പതാക കൈമാറ്റ ചടങ്ങിന് പിന്നാലെ വാർഷിക സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here