കവരത്തി: പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട കവരത്തിയിൽ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും വൻ ഭീഷണിയുയർത്തി കടൽത്തീരത്തിന് തൊട്ടടുത്ത് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തുറസ്സായ സ്ഥലത്ത് കത്തിക്കുന്നതായി പരാതി. ലക്ഷദ്വീപ് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി സംഘടിപ്പിച്ച നിയമബോധവൽക്കരണ പരിപാടിക്ക് ശേഷം സന്ദർശനം നടത്തിയ പ്രമുഖ അഭിഭാഷക അഡ്വ. ഹിദായ ചേര്യന്നല്ലാലാണ് ഭരണകൂടത്തിന്റെ അശാസ്ത്രീയ മാലിന്യനിർമാർജന രീതിക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.

​കവരത്തി ഹെലിപാഡിനും സബ് ജയിലിനും സമീപം ജനവാസമേഖലയോട് ചേർന്നുള്ള മാലിന്യശേഖരണ കേന്ദ്രത്തിലാണ് പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള വർജ്ജ്യവസ്തുക്കൾ കത്തിച്ച നിലയിൽ കണ്ടെത്തിയത്. വീടുകളിൽ നിന്ന് വേർതിരിച്ച് ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് പകരം അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കടൽത്തീരത്തിന് സമീപം തള്ളുകയും കത്തിക്കുകയുമാണ് ചെയ്യുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ്, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നതെന്ന് അഡ്വ. ഹിദായ ചൂണ്ടിക്കാട്ടി.

​ശേഖരിക്കുന്ന മാലിന്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു, ഏതൊക്കെയാണ് വൻകരയിലേക്ക് കയറ്റി അയക്കുന്നത് എന്നതിനെക്കുറിച്ച് സുതാര്യമായ വിവരങ്ങൾ ജനങ്ങൾക്ക് നൽകാൻ ലക്ഷദ്വീപ് ഭരണകൂടം തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. വന്യജീവി-കടൽസമ്പത്ത് സംരക്ഷണ നിയമങ്ങൾ നടപ്പിലാക്കാൻ വനംവകുപ്പ് കാണിക്കുന്ന അതേ ആർജ്ജവവും ജാഗ്രതയും ജനങ്ങളുടെ ജീവനെയും പ്രകൃതിയെയും ബാധിക്കുന്ന മാലിന്യപ്രശ്നം പരിഹരിക്കുന്നതിലും ഉണ്ടാകണം. വിഷയത്തിൽ ലക്ഷദ്വീപ് ഭരണകൂടവും എൻവയോൺമെന്റ് ആൻഡ് ഫോറസ്റ്റ്, സയൻസ് ആൻഡ് ടെക്നോളജി വകുപ്പുകളും അടിയന്തരമായി ഇടപെട്ട് ശാസ്ത്രീയ ഓഡിറ്റും നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തണമെന്നും, അല്ലാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി നിയമപോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here