
ന്യൂഡൽഹി: ലക്ഷദ്വീപിലെ സുഹേലി പോലീസ് ഔട്ട്പോസ്റ്റിൽ ഔദ്യോഗിക ഡ്യൂട്ടിക്കിടെ കടലിൽ കാണാതായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താൻ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി തിരച്ചിൽ ഊർജിതമാക്കണമെന്ന പൊതുജന പരാതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. കടമത്ത് ദ്വീപ് സ്വദേശിയായ പൊതുപ്രവർത്തകൻ സാബിത്ത് പി. കെ. നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം (കോസ്റ്റൽ സെക്യൂരിറ്റി വിഭാഗം) വിഷയം പരിശോധിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുമായി യൂണിയൻ ടെറിട്ടറി (UT) വിഭാഗം ജോയിന്റ് സെക്രട്ടറിക്ക് അയച്ച ഉത്തരവ് (Office Memorandum) പുറപ്പെടുവിച്ചിരിക്കുന്നത്.
സുഹേലിയിൽ കാണാതായ പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താൻ ഹൈടെക് തിരച്ചിൽ-രക്ഷാപ്രവർത്തനം നടത്തുന്നതിനൊപ്പം ദ്വീപുകളിലെ സുരക്ഷ, ആശയവിനിമയം, വൈദ്യസഹായം, ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തണമെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. 2026 ഓഗസ്റ്റ് 21-ന് സി.പി.ഗ്രാംസ് (CPGRAM) വഴി സമർപ്പിച്ച പരാതി പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി കമാൻഡന്റ് ചന്ദ്ര ശേഖർ ജോഷി ഒപ്പുവെച്ച ഉത്തരവിൽ നിർദ്ദേശിക്കുന്നു. വിദൂര ദ്വീപുകളിൽ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ ജീവനക്കാരുടെ ജീവനും സുരക്ഷയും ഉറപ്പാക്കാൻ കേന്ദ്ര ഏജൻസികളുടെ പങ്കാളിത്തത്തോടെയുള്ള നടപടികൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
















