കവരത്തി: ലക്ഷദ്വീപിലെ സർക്കാർ കോളേജുകളിൽ നിലവിലുണ്ടായിരുന്ന ഉന്നതവിദ്യാഭ്യാസ കോഴ്സുകൾ വ്യാപകമായി വെട്ടിച്ചുരുക്കിക്കൊണ്ട് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുതിയ ഉത്തരവിറക്കി. ഇന്നലെ പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ദ്വീപിലെ സാധാരണക്കാരായ വിദ്യാർത്ഥികളുടെ, പ്രത്യേകിച്ച് പട്ടികവർഗ്ഗ (ST) വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ഭാവി അപകടത്തിലാക്കുന്ന രീതിയിലാണ് സുപ്രധാന കോഴ്സുകൾ പലതും നിർത്തലാക്കിയിരിക്കുന്നത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിദ്യാഭ്യാസ ഡയറക്ടർ എം. ഭരണി പുറപ്പെടുവിച്ച ഈ പുതിയ നിർദ്ദേശം സ്വന്തം ദ്വീപുകളിൽ കോളേജുകൾ ഉള്ളതുകൊണ്ട് മാത്രം പഠനം മുന്നോട്ട് കൊണ്ടുപോയിരുന്ന ഭൂരിഭാഗം വിദ്യാർത്ഥികളെയും കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

​മുൻപ് പി.എം.സഈദ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റർ എന്ന പേരിൽ അറിയപ്പെട്ടിരുന്നതും, പിന്നീട് ലക്ഷദ്വീപ് ഭരണകൂടം പേരുമാറ്റിയതുമായ ആന്ത്രോത്ത് ഗവൺമെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഇനി മുതൽ ബി.കോം (B.Com) കോഴ്സ് മാത്രമായിരിക്കും അവശേഷിക്കുക. അന്തരിച്ച മുൻ പാർലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമായിരുന്ന പി.എം.സഈദിന്റെ നാമധേയത്തിൽ പ്രവർത്തിച്ചിരുന്ന, ദ്വീപുനിവാസികൾക്ക് ഏറെ ആശ്രയമായിരുന്ന ഈ കലാലയത്തിലെ ഭൂരിഭാഗം കോഴ്സുകളും നിർത്തലാക്കിയത് ജനങ്ങൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. സമാനമായ രീതിയിൽ കടമത്ത് ഗവൺമെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്നും പ്രധാനപ്പെട്ട പല കോഴ്സുകളും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. പുതിയ ക്രമീകരണമനുസരിച്ച് ബി.എ എക്കണോമിക്സ്, ഡി.വോക് കാറ്ററിംഗ് ആൻഡ് ഹോസ്പിറ്റാലിറ്റി എന്നീ രണ്ട് കോഴ്സുകൾ മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. മിനിക്കോയ് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ പഠനസൗകര്യം ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയിലേക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മറൈൻ എഞ്ചിനീയറിംഗ് ഉൾപ്പെടെയുള്ള കോഴ്സുകളാണ് ഒഴിവാക്കിയത്.

​പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും പുതിയ കോഴ്സുകളിലേക്കുള്ള സീറ്റ് അലോട്ട്മെന്റ് എന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, കോഴ്സുകളുടെ എണ്ണം ഇത്രത്തോളം പരിമിതപ്പെടുത്തിയത് വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുന്നതിന് തുല്യമാണ്. സ്വന്തം ദ്വീപിൽ ഉന്നതപഠന സൗകര്യമുള്ളതിനാലാണ് പല സാധാരണ കുടുംബങ്ങളിലെയും കുട്ടികൾ വിദ്യാഭ്യാസം തുടർന്നിരുന്നത്. പുതിയ ഉത്തരവ് പ്രകാരം തങ്ങൾക്ക് താല്പര്യമുള്ള കോഴ്സുകൾ പഠിക്കണമെങ്കിൽ വിദ്യാർത്ഥികൾക്ക് ഇനി കേരളം ഉൾപ്പെടെയുള്ള വൻകരയിലെ മറ്റ് സംസ്ഥാനങ്ങളെ കോളേജുകളെ ആശ്രയിക്കേണ്ടി വരും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ലക്ഷദ്വീപിലെ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് മക്കളെ മെയിൻലാൻഡിലേക്ക് അയച്ച് പഠിപ്പിക്കുക എന്നത് പല കുടുംബങ്ങൾക്കും നിലവിലെ സാഹചര്യത്തിൽ അസാധ്യമാണ്.

​ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം ലക്ഷദ്വീപിലെ സാധാരണക്കാരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെയാണ് ഏറ്റവും മാരകമായി ബാധിക്കുക. യാത്രാസൗകര്യങ്ങളുടെ കുറവും മെയിൻലാൻഡിലെ ഉയർന്ന ജീവിതച്ചെലവുകളും കാരണം നിർദ്ധനരായ നിരവധി പെൺകുട്ടികളുടെ പഠനം ഇതോടെ പാതിവഴിയിൽ നിലച്ചുപോകാൻ സാധ്യതയുണ്ട്. ദ്വീപിന്റെ പ്രത്യേക ഭൂമിശാസ്ത്രപരമായ പശ്ചാത്തലവും വിദ്യാർത്ഥികളുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും പൂർണ്ണമായി അവഗണിച്ചുകൊണ്ട് ഭരണകൂടം ഏകപക്ഷീയമായി നടപ്പിലാക്കുന്ന ഇത്തരം പരിഷ്കാരങ്ങൾ ലക്ഷദ്വീപിലെ യുവതലമുറയുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്. പുതിയ കോഴ്സുകളുടെ അഡ്മിഷൻ വിജ്ഞാപനം അതത് സ്ഥാപനങ്ങൾ പിന്നീട് പ്രത്യേകം പുറപ്പെടുവിക്കുമെന്ന് ഉത്തരവിൽ പറയുന്നുണ്ടെങ്കിലും, ഭൂരിഭാഗം കോഴ്സുകളും നിർത്തലാക്കിയ നടപടിക്കെതിരെ ദ്വീപിലുടനീളം വിദ്യാർത്ഥി സംഘടനകളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here