
കവരത്തി: ലക്ഷദ്വീപിൽ സ്വച്ഛ് ഭാരത് മിഷൻ (എസ്.ബി.എം) പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ദ്വീപുകളിലെ പഞ്ചായത്തുകളിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരെ യാതൊരുവിധ മുൻകൂർ അറിയിപ്പും കൂടാതെ അടിയന്തരമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള പഞ്ചായത്ത് ഡയറക്ടറേറ്റ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2026 മെയ് 31 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പെട്ടെന്നുള്ള ഈ പിരിച്ചുവിടൽ നടപടി. മതിയായ നോട്ടീസ് കാലയളവോ മുന്നറിയിപ്പോ നൽകാതെയുള്ള ഭരണകൂടത്തിന്റെ ഈ ഏകപക്ഷീയമായ തീരുമാനം സാധാരണക്കാരായ തൊഴിലാളി കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വിവിധ ദ്വീപുകളിലെ വില്ലേജ് (ദ്വീപ്) പഞ്ചായത്തുകളിൽ നിലവിൽ ലഭ്യമായിട്ടുള്ള എം.ടി.എസ് (Multi-Tasking Staff), എം.എസ്.ഇ (MSE) ജീവനക്കാരെ ഉപയോഗിച്ച് മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും മറ്റ് പൊതുജനസേവനങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക തൊഴിലാളികളെ ഒഴിവാക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. പഞ്ചായത്ത് ഡയറക്ടർ (DANICS) ജഗദീഷ് ശർമ്മ ഒപ്പുവെച്ച ഉത്തരവ് പ്രകാരം, മെയ് 31 മുതൽ ഈ തൊഴിലാളികളുടെ സേവനം അവസാനിപ്പിക്കാനും, നിർദ്ദേശം കർശനമായി നടപ്പിലാക്കി റിപ്പോർട്ട് സമർപ്പിക്കാനും എല്ലാ ദ്വീപുകളിലെയും വില്ലേജ് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് പൂർണ്ണമായും തടഞ്ഞതായും ഉത്തരവിൽ വ്യക്തമാക്കുന്നു. ഉപജീവനത്തിനായി പൂർണ്ണമായും ഈ ജോലിയെ ആശ്രയിച്ചിരുന്ന നൂറുകണക്കിന് പ്രാദേശിക തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയാണ് ഈ പെട്ടെന്നുള്ള നടപടി. യാതൊരു മുൻകൂർ നോട്ടീസും നൽകാതെ തൊഴിലാളികളെ പിരിച്ചുവിട്ട ഭരണകൂടത്തിന്റെ നയത്തിനെതിരെ ദ്വീപുകളിൽ വലിയ പ്രതിഷേധവും ആശങ്കയും ഉയരുകയാണ്.
















