കവരത്തി: ലക്ഷദ്വീപ് ഭരണകൂടം അടുത്തിടെ പുറത്തിറക്കിയ ‘ഡ്രാഫ്റ്റ് ലക്കാഡീവ്, മിനിക്കോയ് ആൻഡ് അമിൻദിവി ഐലൻഡ്സ് (പ്രൊട്ടക്ഷൻ ഓഫ് ഷെഡ്യൂൾഡ് ട്രൈബ്) അമൻഡ്മെന്റ് 2026’ എന്ന കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ലക്ഷദ്വീപ് കോൺഗ്രസ് പാർട്ടി. ജനവിരുദ്ധ ഭേദഗതിക്കെതിരെ പൊതുജനങ്ങളുടെ രേഖാമൂലമുള്ള എതിർപ്പുകൾ നിശ്ചിത സമയത്തിനുള്ളിൽ ഭരണകൂടത്തിന് സമർപ്പിക്കുന്നതിനായി ദ്വീപിലുടനീളം പ്രത്യേക ജനകീയ ക്യാമ്പയിന് കോൺഗ്രസ് തുടക്കം കുറിച്ചു.

​ലക്ഷദ്വീപിൽ നിലനിൽക്കുന്ന മുൻ നിയമങ്ങളുടെ അന്തസത്ത പൂർണ്ണമായും ചോർത്തിക്കളയുന്ന തരത്തിലാണ് പുതിയ ഭേദഗതി നിർദ്ദേശങ്ങളെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ദ്വീപ് നിവാസികളുടെ അവകാശങ്ങളെ ഹനിക്കുന്ന ഈ ഭേദഗതി ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും, ഇതിനായുള്ള എല്ലാ നടപടികളും ഭരണകൂടം അടിയന്തരമായി പിൻവലിക്കണമെന്നുമാണ് പാർട്ടിയുടെ ആവശ്യം. ഇതിന്റെ ഭാഗമായി ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ഏകോപനത്തോടെ പൊതുജനങ്ങളിൽ നിന്ന് ഒബ്ജക്ഷനുകൾ ശേഖരിച്ച് സമർപ്പിക്കുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്.

Advertisement

​വരും ദിവസങ്ങളിൽ ആയിരക്കണക്കിന് ദ്വീപ് നിവാസികൾ തങ്ങളുടെ ഒബ്ജക്ഷനുകൾ ഔദ്യോഗിക ഇമെയിൽ വിലാസമായ addl.dm-lk@nic.in വഴി ഭരണകൂടത്തിന് അയക്കും. പൊതുജനങ്ങൾക്ക് പുറമെ മുൻ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മുൻ പഞ്ചായത്ത് മെമ്പർമാർ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവരും ഭേദഗതികൾക്ക് എതിരെ രേഖാമൂലം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന് (എഡിഎം) തങ്ങളുടെ എതിർപ്പുകൾ നേരിട്ട് സമർപ്പിക്കും.

​ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കാൻ ശ്രമിക്കുന്ന വിവിധ ജനവിരുദ്ധ ഭേദഗതി നിർദ്ദേശങ്ങളെ കൃത്യമായും നിയമപരമായും പ്രതിരോധിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ലക്ഷദ്വീപ് കോൺഗ്രസ് പ്രസിഡന്റും എംപിയുമായ അഡ്വ. ഹംദുള്ള സഈദിന്റെ അധ്യക്ഷതയിൽ ഈയിടെ ചേർന്ന ലക്ഷദ്വീപ് കോൺഗ്രസ് കമ്മിറ്റിയുടെ ഓൺലൈൻ യോഗത്തിലാണ് നിയമപരമായ ഈ പോരാട്ടത്തിന് രൂപം നൽകിയത്. ഈ തീരുമാനപ്രകാരമാണ് ഇപ്പോൾ ഓരോ ദ്വീപിലും വാർഡ് അടിസ്ഥാനത്തിൽ ഒബ്ജക്ഷൻ സമർപ്പണത്തിനുള്ള ക്യാമ്പയിൻ സജീവമായി മുന്നോട്ട് പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here