
ആന്ത്രോത്ത്: ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് കരിഞ്ചന്ത കേസിൽ അറസ്റ്റിലായ ഒന്നും രണ്ടും അഞ്ചും പ്രതികൾക്ക് ആന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കവരത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 7/2026 കേസിലെ പ്രതികളായ ജിബ്‌രീൽ (ആന്ത്രോത്ത്), അസീസ് (മിനിക്കോയ്), മുനീഫ് (മിനിക്കോയ്) എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. ഔദ്യോഗിക ഐ.ആർ.സി.ടി.സി പോർട്ടൽ വഴി പ്രത്യേക സോഫ്റ്റ്‌വെയർ ടൂളുകളും ബോട്ടുകളും ഉപയോഗിച്ച് കപ്പൽ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് കരിഞ്ചന്തയിൽ മറിച്ചുവിറ്റു എന്നാരോപിച്ച് കഴിഞ്ഞ മെയ് 7-നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെയും (BNS) ഐ.ടി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസ് ചാർജ് ചെയ്യപ്പെട്ട പ്രതികൾ മെയ് 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. പ്രതിഭാഗത്തിന് വേണ്ടി പ്രമുഖ നിയമ സ്ഥാപനമായ ലക്ഷദ്വീപ് ലോ ചേമ്പേഴ്‌സിനെ പ്രതിനിധീകരിച്ച് അഡ്വ. കോയ അറഫ മിറാജ്, മുഖ്ത്യാർ കെ.ബി അസ്താർ ഖാൻ, അഡ്വ. സബീഹ് അമാൻ, അസോസിയേറ്റ് അഭിഭാഷകരായ അഡ്വ. വി. മനോജ്, അഡ്വ. ആദർശ് മനോജ് എന്നിവർ കോടതിയിൽ ഹാജരായി.

പ്രതികളെ അറസ്റ്റ് ചെയ്ത നടപടിക്രമങ്ങളിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ നിയമലംഘനങ്ങൾ ഉണ്ടായതായി പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ശക്തമായി വാദിച്ചു. ഏഴു വർഷത്തിൽ താഴെ മാത്രം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ അറസ്റ്റിന് മുൻപ് നോട്ടീസ് നൽകണമെന്ന ബി.എൻ.എസ്.എസ് (BNSS) സെക്ഷൻ 35(3)-ലെ നിർബന്ധിത വ്യവസ്ഥയും, ‘അർണേഷ് കുമാർ വേഴ്സസ് സ്റ്റേറ്റ് ഓഫ് ബീഹാർ’ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥൻ പൂർണ്ണമായും ലംഘിച്ചതായി പ്രതിഭാഗം ചൂണ്ടിക്കാട്ടി. അറസ്റ്റിന്റെ കാരണങ്ങൾ രേഖാമൂലം പ്രതികളെ ധരിപ്പിച്ചിട്ടില്ലെന്നും, മെഡിക്കൽ പരിശോധനാ രേഖകൾ ഹാജരാക്കിയില്ലെന്നും, ബന്ധുക്കളെ കൃത്യസമയത്ത് വിവരമറിയിച്ചില്ലെന്നും കോടതിയെ ബോധ്യപ്പെടുത്തിയ അഭിഭാഷകർ, പ്രതികൾ നിരപരാധികളാണെന്നും ഡിജിറ്റൽ സംവിധാനങ്ങളിൽ കൃത്രിമം കാണിച്ചതിനോ കരിഞ്ചന്തയിൽ ടിക്കറ്റ് വിറ്റതിനോ ഉള്ള കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും വാദിച്ചു. ലക്ഷദ്വീപിലെ ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന അതീവ ഗുരുതരമായ സൈബർ കുറ്റകൃത്യമാണിതെന്നും, വിശദമായ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുവെങ്കിലും കോടതി പ്രതിഭാഗത്തിന്റെ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു.

ലക്ഷദ്വീപിലെ കപ്പൽ യാത്രാ ദുരിതത്തിന് കാരണം ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലെയും പോർട്ട് ഡിപ്പാർട്ട്‌മെന്റിലെയും പരാജയമാണെന്ന ഗുരുതരമായ ആരോപണവും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചു. പ്രതികൾ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന സമയത്തും ദ്വീപിലെ കപ്പൽ ടിക്കറ്റുകൾ വിതരണത്തിന് വരികയും, മിനിറ്റുകൾക്കകം അവ അപ്രത്യക്ഷമാവുകയും ചെയ്യുന്ന പ്രതിഭാസം തുടരുകയുണ്ടായി. മുൻപ് നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ (NIC) വെബ്‌സൈറ്റ് വഴിയുള്ള ബുക്കിംഗിലും സമാനമായ പ്രശ്നങ്ങൾ ഉയർന്നതിനെത്തുടർന്നാണ് ഐ.ആർ.സി.ടി.സി സംവിധാനത്തിലേക്ക് മാറിയത്. എന്നാൽ പുതിയ സംവിധാനത്തിലും യാത്രക്കാർ ഇതേ ബുദ്ധിമുട്ട് നേരിടുന്നത് ലക്ഷദ്വീപ് പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ പരാജയമാണ് വ്യക്തമാക്കുന്നത്. ആവശ്യത്തിന് കപ്പലുകളില്ലാത്തതും ടിക്കറ്റ് ലഭ്യതക്കുറവും മൂലം ജനങ്ങൾ അനുഭവിക്കുന്ന യഥാർത്ഥ ദുരിതങ്ങൾ മറച്ചുവെക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ശ്രമിക്കുകയാണെന്നും, ഡിപ്പാർട്ട്‌മെന്റ് ഭൂരിഭാഗം ടിക്കറ്റുകളും ബ്ലോക്ക് ചെയ്തുവെച്ച് വളരെ കുറഞ്ഞ എണ്ണം ടിക്കറ്റുകൾ മാത്രം പുറത്തുവിടുന്നതാണ് സാധാരണ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാത്തതിന് കാരണമെന്നും അഭിഭാഷകർ വാദിച്ചു.
![]()
ഇരുഭാഗത്തിന്റെയും വാദങ്ങൾ വിശദമായി പരിശോധിച്ച കോടതി, അറസ്റ്റ് നടപടികളിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചതായി വിലയിരുത്തി. സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുള്ള കസ്റ്റഡി ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കിയ കോടതി, 25,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ജാമ്യക്കാരും വ്യവസ്ഥ ചെയ്താണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കവരത്തി ദ്വീപ് വിട്ടുപോകരുത്, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം, തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
















