
കവരത്തി: ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് കരിഞ്ചന്ത വിൽപനയുമായി ബന്ധപ്പെട്ട സൈബർ തട്ടിപ്പ് കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി. മിനിക്കോയ് സ്വദേശിയായ നാസിം മണിക്ഫാൻ ആണ് ഏറ്റവും ഒടുവിലായി അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ പിടിയിലായ മുഹമ്മദ് അസീസ്, മുഹമ്മദ് മുനീഫ്, സഫർ ജിബ്രീൽ, ഫരീദുദ്ദീൻ എന്നിവർക്കൊപ്പം നാസിമിനെയും കവരത്തി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പ്രവേശിപ്പിച്ചു. കവരത്തി പോലീസിന്റെ നേതൃത്വത്തിൽ നടന്ന ഊർജിതമായ അന്വേഷണത്തിലാണ് പുതിയ അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള നടപടികൾ അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾ ഒളിവിൽ തുടരുന്ന സാഹചര്യത്തിൽ ഇവർക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിരിക്കുകയാണ്. ഐ.ആർ.സി.ടി.സി. പോർട്ടലിൽ അത്യാധുനിക ബോട്ടുകളും സ്ക്രിപ്റ്റുകളും ഉപയോഗിച്ച് കൃത്രിമം കാട്ടി ടിക്കറ്റുകൾ മുൻകൂട്ടി തടഞ്ഞുവെച്ച് ഉയർന്ന വിലയ്ക്ക് മറിച്ചുവിറ്റ വൻ റാക്കറ്റിനെക്കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കൊച്ചി, മിനിക്കോയ്, കവരത്തി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്ന കൂടുതൽ പ്രതികളെ വരും ദിവസങ്ങളിൽ പിടികൂടാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ലക്ഷദ്വീപ് പോലീസ് സൂപ്രണ്ട് ഉത്കർഷയുടെ നിർദ്ദേശാനുസരണം കവരത്തി എസ്.എച്ച്.ഒ അലി അക്ബറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കപ്പൽ ടിക്കറ്റ് ബുക്കിംഗിനായി ഹാക്കർമാരെയും ഇടനിലക്കാരെയും ആശ്രയിക്കുന്നവർക്കെതിരെയും പോലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹാക്കർമാരിൽ നിന്ന് ടിക്കറ്റുകൾ സംഘടിപ്പിച്ചു നൽകുകയും അതിലൂടെ കമ്മീഷൻ കൈപ്പറ്റുകയും ചെയ്യുന്ന ഇടനിലക്കാർ നിലവിൽ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരം നിയമവിരുദ്ധമായ ഇടപാടുകളിൽ ഏർപ്പെടുന്നവരെ ഉടൻ തന്നെ കേസിൽ പ്രതിചേർക്കുമെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സാധാരണക്കാർ ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്നും ടിക്കറ്റ് ബുക്കിംഗിനായി അനധികൃത മാർഗങ്ങൾ തേടുന്നത് ഗുരുതരമായ നിയമനടപടികൾക്ക് കാരണമാകുമെന്നും പോലീസ് അറിയിച്ചു. തട്ടിപ്പ് ശൃംഖലയിലെ ഓരോ കണ്ണിയെയും കണ്ടെത്താനുള്ള വിപുലമായ അന്വേഷണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
















