
കവരത്തി: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്കുള്ള കപ്പൽ ടിക്കറ്റുകൾ അനധികൃതമായി തട്ടിയെടുക്കുന്നതിനായി ആധുനിക സോഫ്റ്റ്‌വെയറുകളും ഓട്ടോമേറ്റഡ് ബോട്ടുകളും വ്യാപകമായി ഉപയോഗിക്കുന്നതായി പരാതി ഉയരുന്നു. ഐആർസിടിസിയുടെ ലക്ഷദ്വീപ് പോർട്ടൽ വഴി ടിക്കറ്റുകൾ ലഭ്യമാകുന്ന നിമിഷങ്ങൾക്കുള്ളിൽ തന്നെ അവ അപ്രത്യക്ഷമാകുന്നത് സാധാരണക്കാരായ യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. മനുഷ്യസഹജമായ വേഗതയേക്കാൾ വേഗത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകളും സ്ക്രിപ്റ്റുകളും ഉപയോഗിച്ച് സുരക്ഷാ ക്രമീകരണങ്ങൾ മറികടന്നാണ് ഇത്തരത്തിൽ ടിക്കറ്റുകൾ പൂഴ്ത്തിവെക്കുന്നത്. കവരത്തി സ്വദേശിയായ ഒരു യുവാവാണ് ദ്വീപ് നിവാസികൾക്ക് വേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും സൈബർ സെല്ലിനും പരാതി നൽകിയിരിക്കുന്നത്. എന്നാൽ അധികൃതർക്ക് നൽകിയ ഈ ഔദ്യോഗിക പരാതി, നൽകി മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ദ്വീപ് സമൂഹത്തിനിടയിൽ വലിയ ചർച്ചയാവുകയും ചെയ്തു. തന്റെ വ്യക്തിഗതമായ പരാതി ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെതിരെ കവരത്തി പോലീസിൽ അദ്ദേഹം മറ്റൊരു പരാതി കൂടി നൽകിയിട്ടുണ്ട്.

ഓൺലൈൻ ബുക്കിംഗ് വിൻഡോ തുറക്കുന്ന വേളയിൽ സാധാരണക്കാർക്ക് സൈറ്റ് ലഭ്യമാകുന്നതിന് മുൻപേ ടിക്കറ്റുകൾ തീരുന്ന അവസ്ഥയാണ് നിലവിലുള്ളത്. വ്യാജ യൂസർ ഐഡികൾ നിർമ്മിച്ചും ക്യാപ്‌ച കോഡുകൾ മറികടന്നും പ്രവർത്തിക്കുന്ന ‘ഓട്ടോ ബുക്കറുകൾ’ വഴിയാണ് ഈ തിരിമറി നടക്കുന്നത്. മുൻപ് റെയിൽവേ ടിക്കറ്റ് ബുക്കിംഗിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഐആർസിടിസി കോടിക്കണക്കിന് വ്യാജ ഐഡികൾ റദ്ദാക്കിയിരുന്നുവെന്നും ഇപ്പോൾ ഇതേ മാഫിയ ലക്ഷദ്വീപ് ഷിപ്പിംഗ് പോർട്ടലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ അനധികൃതമായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ പിന്നീട് കരിഞ്ചന്തയിൽ വൻ വിലയ്ക്കാണ് മറിച്ചുവിൽക്കുന്നത്. ഏകദേശം 480 രൂപ വിലയുള്ള ബങ്ക് ക്ലാസ് ടിക്കറ്റുകൾ 800 രൂപയ്ക്കും അതിനു മുകളിലും വിൽക്കുമ്പോൾ പെർമിറ്റ് ഉള്ളവരിൽ നിന്ന് 500 മുതൽ 2000 രൂപ വരെ അധികമായി ഈടാക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഐടി ആക്ട് 2000 പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 112 പ്രകാരവും ഗുരുതരമായ കുറ്റകൃത്യമാണെന്ന് പരാതിക്കാരൻ ഓർമ്മിപ്പിക്കുന്നു. ടിക്കറ്റുകൾ അനധികൃതമായി വിൽക്കുന്നത് സംഘടിത കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതാണ്. ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൂടുതൽ സുതാര്യമാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സാധാരണക്കാർക്ക് ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ ഇതിന് പിന്നിലുള്ള സാങ്കേതിക തിരിമറികൾ അന്വേഷിക്കാൻ അധികൃതർ തയ്യാറാകണമെന്നും ഐടി വിദഗ്ധരല്ലാത്ത തങ്ങളെക്കൊണ്ട് തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത് നീതിയല്ലെന്നും കവരത്തി സ്വദേശി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
















