കവരത്തി: ​കവരത്തിയിലെ പ്രധാന പാതകളിൽ വൈകുന്നേരങ്ങളിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ ഭരണകൂടത്തിന്റെ തീരുമാനം പൊതുജനങ്ങളെ വലയ്ക്കുന്നു. വടക്ക് ഹാർബർ ജെട്ടി തീരദേശ റോഡിലും, വൈ-ജംഗ്ഷൻ മുതൽ ഹെലിപാഡ് വരെയുള്ള തന്ത്രപ്രധാനമായ പാതയിലുമാണ് ദിവസവും വൈകുന്നേരം 6:30 മുതൽ രാത്രി 10:30 വരെ ഗതാഗതം നിരോധിച്ചിരിക്കുന്നത്. മോട്ടോർ വാഹന നിയമത്തിലെ 115-ാം വകുപ്പ് പ്രകാരം ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഈ ഉത്തരവ് ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന പരാതി ഉയരുന്നു. റോഡ് വികസിപ്പിക്കുന്നതിന് പകരം ഗതാഗതം പൂർണ്ണമായും തടയുന്ന എളുപ്പവഴിയാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.

Advertisement

​ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നാല് മണിക്കൂറോളം നീളുന്ന ഈ നിരോധനം സാധാരണക്കാരായ യാത്രക്കാരെയും കച്ചവടക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കും. വിനോദസഞ്ചാരത്തിനും കാൽനടയാത്രയ്ക്കും മുൻഗണന നൽകാനെന്ന പേരിലാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത് എങ്കിലും, പ്രദേശവാസികളുടെ ദൈനംദിന ആവശ്യങ്ങൾക്കായി വാഹനങ്ങളെ ആശ്രയിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ്. അത്യാവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, അത്തരം വാഹനങ്ങൾ മണിക്കൂറിൽ 10 കിലോമീറ്ററിൽ താഴെ വേഗതയിൽ മാത്രമേ സഞ്ചരിക്കാവൂ എന്ന നിബന്ധന അടിയന്തര സാഹചര്യങ്ങളിൽ പോലും വെല്ലുവിളിയായേക്കാം.

​പോലീസ് സേനയെ ഉപയോഗിച്ച് റോഡുകൾ ബാരിക്കേഡുകൾ വെച്ച് അടയ്ക്കാനും കർശനമായ പരിശോധനകൾ നടത്താനുമുള്ള തീരുമാനം ജനങ്ങളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മതിയായ മുന്നൊരുക്കങ്ങളോ ബദൽ സംവിധാനങ്ങളോ ഒരുക്കാതെ പെട്ടെന്ന് നടപ്പിലാക്കിയ ഈ ഉത്തരവ് രാത്രികാലത്തെ ജനസഞ്ചാരത്തെയും പ്രാദേശിക വിപണിയെയും ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പാണ്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്നത് ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here