
കവരത്തി: ലക്ഷദ്വീപിലെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുമായി ആഴ്ചയിലൊരിക്കൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിറക്കി. ഇനി മുതൽ എല്ലാ ബുധനാഴ്ചയും ദ്വീപുകളിൽ ‘നോ വെഹിക്കിൾ ഡേ’ (വാഹന രഹിത ദിനം) ആയി ആചരിക്കും. ഈ ദിവസങ്ങളിൽ മോട്ടോർ വാഹനങ്ങൾ റോഡിലിറക്കുന്നതിന് കർശന വിലക്കുണ്ടായിരിക്കും. 2026 ഫെബ്രുവരി 25 മുതലാണ് ഈ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നത്.
ദ്വീപ് നിവാസികൾക്കിടയിൽ നടത്തവും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. എന്നാൽ ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന വാഹനങ്ങൾ, സുരക്ഷാ സേനകൾ, അടിയന്തര വൈദ്യസഹായം എന്നിവയ്ക്കായുള്ള വാഹനങ്ങളെ ഈ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് ബുധനാഴ്ചകളിൽ വാഹനങ്ങൾ നിരത്തിലിറക്കുന്നവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ആർ. ഗിരി ശങ്കർ അറിയിച്ചു. ഈ നടപടിയുമായി എല്ലാവരും സഹകരിക്കണമെന്ന് ഭരണകൂടം അഭ്യർത്ഥിച്ചു.
















