
കവരത്തി: പരിസര ശുചിത്വം ഉറപ്പാക്കുന്നതിനും ബീച്ച് പ്രദേശത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിനുമായി കവരത്തിയിൽ പുതിയ മാലിന്യ നിക്ഷേപ സംരംഭത്തിന് തുടക്കമായി. ബ്ലാക്ക് ടൈംസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, കവരത്തി വെൽഫെയർ ട്രസ്റ്റ്, നോർത്തേൺ ബ്രദേഴ്സ് ക്ലബ്ബ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കവരത്തി പഞ്ചായത്ത് സ്റ്റേജിന് സമീപമുള്ള ബീച്ച് സൈഡിലാണ് മാലിന്യങ്ങൾ കൃത്യമായി നിക്ഷേപിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

നാട്ടുകാരിലും സന്ദർശകരിലും പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി, പ്രദേശത്തെ ശുചിത്വ നിലവാരം ഉയർത്താൻ ഏറെ സഹായിക്കും. വിവിധ സംഘടനകളുടെ ഈ കൂട്ടായ പ്രവർത്തനം സമൂഹത്തിന് വലിയൊരു മാതൃകയാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ കവരത്തി വെൽഫെയർ ട്രസ്റ്റ് ജനറൽ സെക്രട്ടറി യാസീൻ, നോർത്തേൺ ബ്രദേഴ്സ് ക്ലബ്ബ് അംഗം ഹമീദ്, ബ്ലാക്ക് ടൈംസ് ക്ലബ്ബ് പ്രസിഡന്റ് നൗഷാദ് ഖാൻ, സെക്രട്ടറി അബു എന്നിവർ സംബന്ധിച്ചു.
















