കോഴിക്കോട്: ആയോധനകലയിലെ സുവർണ്ണ നേട്ടങ്ങൾ ആവർത്തിച്ച് ലക്ഷദ്വീപിന്റെ അഭിമാനമുയർത്തി ഹനിയാ ഹിദായ. കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ജനുവരി 24, 25 തീയതികളിൽ നടന്ന ഇന്റർനാഷണൽ കോംബാറ്റ് ഫെഡറേഷൻ (ICF) നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിലാണ് ഹനിയാ ഹിദായ വീണ്ടും സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. 14-16 വയസ്സ് പ്രായമുള്ള ജൂനിയർ പെൺകുട്ടികളുടെ 49 കിലോ വിഭാഗത്തിലാണ് ഈ മികച്ച നേട്ടം. ചുരുങ്ങിയ കാലയളവിനുള്ളിൽ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ഹനിയ, പുതിയ വിജയത്തോടെ തന്റെ പോരാട്ടവീര്യം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

Advertisement

​ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശികളായ മുഹമ്മദ് ഹിദായത്തുള്ളയുടെയും കമർബാന്റെയും മകളായ ഹനിയ, കോഴിക്കോട് അപെക്സ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ്. കോഴിക്കോട് ‘യിങ്ങ് യാങ്ങ് സ്കൂൾ ഓഫ് മാർഷ്യൽ ആർട്സിൽ’ (Ying Yang School of Martial Arts) നിന്നാണ് ഈ പ്രതിഭ പരിശീലനം നേടുന്നത്. മാസ്റ്റർമാരായ ശിഫു ജെറീഷ്, ശിഫു റംസി എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലനം നടന്നു വരുന്നത്. ഇക്കഴിഞ്ഞ ജനുവരി ആദ്യവാരം വെസ്റ്റ്ഹിൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ നടന്ന രണ്ടാമത് ഓൾ കേരള ഓൾ സ്റ്റൈൽസ് മാർഷ്യൽ ആർട്സ് ഓപ്പൺ ടൂർണമെന്റിലും ഹനിയ സ്വർണ്ണം നേടിയിരുന്നു. സെപ്റ്റംബറിൽ കോഴിക്കോട് നടന്ന പ്രൈമൽ ഓപ്പൺ നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും ചാലക്കുടിയിലെ പ്രൈമൽ കണ്ടന്റർ സീരീസിലും താരം ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ജില്ലാ തല സ്കേറ്റിംഗ് മത്സരത്തിലും ഹനിയാ വിവിധ ഇനങ്ങളിലായി മൂന്ന് സ്വർണ്ണ മെഡൽ നേടിയിരുന്നു.

Advertisement

​തുടർച്ചയായ വിജയങ്ങളിലൂടെ ആയോധനകലയിലെ വിവിധ ശാഖകളിൽ ഇതുവരെ ഏഴ് സ്വർണ്ണവും ഒരു വെള്ളിയും ഉൾപ്പെടെ എട്ടോളം പ്രധാന മെഡലുകൾ ഈ കൊച്ചു മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്. കേരള സ്റ്റേറ്റ് കിക്ക് ബോക്സിംഗിൽ തുടർച്ചയായി രണ്ട് തവണ സ്വർണ്ണ മെഡൽ ജേതാവായ ഹനിയ, 23-ാമത് സബ് ജൂനിയർ ജില്ലാ വുഷു ചാമ്പ്യൻഷിപ്പിലും ഒന്നാം സ്ഥാനം നേടിയിരുന്നു. കൂടാതെ ജില്ലാതല റോൾബോൾ ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവ് കൂടിയാണ്. ആന്ത്രോത്ത് ദ്വീപിനും ലക്ഷദ്വീപിനും കായിക ഭൂപടത്തിൽ വലിയ കീർത്തി സമ്മാനിക്കുന്ന ഹനിയാ ഹിദായയുടെ തുടർച്ചയായ മുന്നേറ്റത്തെ വിവിധ കായിക പ്രേമികളും പ്രമുഖരും അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here