
കടമത്ത്: ലക്ഷദ്വീപിലെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരുടെയും ജീവനക്കാരുടെയും കരാർ കാലാവധി അവസാനിച്ചിട്ടും അത് പുതുക്കി നൽകാൻ ഭരണകൂടം തയ്യാറാകാത്തത് കനത്ത അക്കാദമിക പ്രതിസന്ധിക്കിടയാക്കിയിരിക്കുകയാണ്. കടമത്ത്, ആന്ത്രോത്ത് സർക്കാർ കോളേജുകൾ, ബി.എഡ്. കോളേജ്, മിനിക്കോയ് പോളിടെക്നിക് എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അധ്യാപകരുടെ കരാറാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. പ്രിൻസിപ്പൽമാർ ഉൾപ്പെടെയുള്ള അധികൃതരുടെ ഭാഗത്തുനിന്ന് നിയമനം ആവശ്യപ്പെട്ട് പലതവണ കവരത്തിയിലേക്ക് ഔദ്യോഗികമായി കത്തയച്ചിട്ടും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയൊന്നുമുണ്ടായില്ല. അടുത്ത മാസം സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കാനിരിക്കെ അധ്യാപകരില്ലാത്ത സാഹചര്യം രൂപപ്പെട്ടിരിക്കുന്നത് വിദ്യാർഥികളുടെ പഠനത്തെയും ഭാവിയെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.
അതേസമയം, കൗൺസിലിംഗ് സമയത്ത് പ്രഖ്യാപിച്ച പുതിയ കോഴ്സുകൾ നിശ്ചിത സമയത്ത് ആരംഭിക്കാൻ കഴിയാത്തതും വിദ്യാർഥികളെയും രക്ഷിതാക്കളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൗൺസിലിംഗ് പൂർത്തിയാക്കി താൽക്കാലിക പ്രവേശന കത്തുകൾ നൽകി മൂന്ന് മാസം പിന്നിട്ടിട്ടും പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള അക്കാദമിക നടപടികൾ പൂർത്തിയാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ആവശ്യത്തിന് അധ്യാപകർ ഇല്ലാതെയും പഠനസൗകര്യങ്ങൾ ഉറപ്പാക്കാതെയും നടത്തിയ കോഴ്സ് പ്രഖ്യാപനങ്ങൾ വിദ്യാർഥികളുടെ ഭാവിയെയാണ് അവതാളത്തിലാക്കിയത്. സെമസ്റ്റർ പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ക്ലാസുകൾ ആരംഭിക്കുന്നത് അക്കാദമികമായി എത്രത്തോളം പ്രയോജനപ്പെടുമെന്ന ചോദ്യവും രക്ഷിതാക്കൾ ഉയർത്തുന്നുണ്ട്.
ഭരണകൂടത്തിന്റെ കടുത്ത അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകാനാണ് വിദ്യാർഥികളുടെ തീരുമാനം. അടിയന്തരമായി അധ്യാപകരുടെ സേവനം ഉറപ്പാക്കുക, കോളേജുകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുക, പ്രഖ്യാപിച്ച കോഴ്സുകൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. വിദ്യാർഥികളുടെ പോരാട്ടത്തിന് പിന്തുണയുമായി രക്ഷിതാക്കളും വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഡെപ്യൂട്ടി കലക്ടറുടെ (ഡി.സി.) ഓഫീസുകൾ ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത സമരമാർഗ്ഗങ്ങളിലേക്ക് നീങ്ങാനാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും തീരുമാനം. തിങ്കളാഴ്ചയ്ക്കകം പ്രശ്നത്തിൽ അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ ദ്വീപിലെ ഉന്നതവിദ്യാഭ്യാസ മേഖല പൂർണമായും സ്തംഭനത്തിലേക്ക് നീങ്ങും.
















