​അഗത്തി: പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിൽ പഠിച്ച ലക്ഷദ്വീപുകാരായ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അഗത്തി ദ്വീപിൽ സംഘടിപ്പിച്ച ത്രിദിന അലുംനി സംഗമം ‘ECHOES’ വർണാഭമായ പരിപാടികളോടെ സമാപിച്ചു. നവംബർ 21, 22, 23 തീയതികളിലായി നടന്ന സംഗമം ഡെപ്യൂട്ടി കളക്ടർ മന്ദീപ് സിംഗ് പൂനിയ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ നിന്നുള്ള പൂർവവിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്ന ചടങ്ങിൽ അഗത്തി പോലീസ് മേധാവി ഡിവൈഎസ്പി ബിഷ്ട്, പ്രശസ്ത ആരോഗ്യവിദഗ്ധൻ ഡോ. ചെറിയാൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

​സംഗമത്തോടനുബന്ധിച്ച് ലക്ഷദ്വീപിൽ നിന്ന് വിക്ടോറിയ കോളേജിൽ പഠിച്ച ആദ്യകാല വിദ്യാർഥികളും ദ്വീപിന്റെ സാംസ്കാരിക രംഗത്തെ പ്രമുഖരുമായ കുഞ്ഞിക്കോയ, ഉമ്മർ ജെ.ഇ., മുഹാരി മാസ്റ്റർ, സി.ഐ. അഹമ്മദ്, മുജീബ് കോച്ച് എന്നിവരെ പൊന്നാടയണിയിച്ചും മെമെന്റോ നൽകിയും ആദരിച്ചു. വിദ്യാഭ്യാസ, സാമൂഹിക, കായിക മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു. കൂടാതെ, കൽപേനി ദ്വീപിൽ നടന്ന അത്‌ലറ്റിക് മീറ്റിൽ മികവ് തെളിയിച്ച കായികതാരങ്ങൾക്ക് ക്യാഷ് പ്രൈസും വിതരണം ചെയ്തു. റസാഖ് അലി ഒരുക്കിയ ‘വിക്ടോറിയ’ എന്ന സംഗീത ആൽബത്തിന്റെ പ്രകാശനവും വേദിയിൽ നടന്നു.

​ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് വിവിധ കലാ-സാംസ്കാരിക പരിപാടികളും സംഗമത്തിന്റെ ഭാഗമായി അരങ്ങേറി. അർബൻ ഡാൻസേഴ്സ് ട്രൂപ്പിന്റെ നൃത്താവിഷ്കാരങ്ങളും പി.എം. ശ്രീ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച കലാവിരുന്നും സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി. അഗത്തിയിലെ പ്രാദേശിക മ്യൂസിക് ബാൻഡായ ‘രണ റോക്സ്’ അവതരിപ്പിച്ച സംഗീതനിശ പരിപാടിക്ക് ആവേശകരമായ അനുഭവം നൽകി. പൂർവവിദ്യാർഥികൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനായി തിണ്ണക്കര, ബംഗാരം ദ്വീപുകളിലേക്ക് ഉല്ലാസയാത്രകളും സംഘടിപ്പിച്ചിരുന്നു.

​വിവിധ തലമുറകളിൽപ്പെട്ട പൂർവവിദ്യാർഥികളെ ഒരേ വേദിയിൽ അണിനിരത്താൻ സാധിച്ച സംഗമത്തിന്റെ വിജയത്തിന് പിന്നിൽ ഫത്തുള്ളയുടെ നേതൃത്വത്തിലുള്ള അഗത്തി ഘടകത്തിന്റെ മികച്ച ഏകോപനവും സംഘാടക മികവുമാണ് പ്രവർത്തിച്ചത്. കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത അലുംനി സംഗമം 2028 ഡിസംബറിൽ കടമത്ത് ദ്വീപിൽ വെച്ച് നടത്താൻ യോഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here