
കവരത്തി: ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റിയുടെ (എൽ.ടി.സി.സി) ജനറൽ സെക്രട്ടറിമാരായി ടി. കാസിമിനെയും എം. അലി അക്ബറിനെയും നിയമിച്ചതായി പ്രസിഡന്റും എം.പിയുമായ അഡ്വ. മുഹമ്മദ് ഹംദുള്ള സഈദ് അറിയിച്ചു. കടമത്ത് ദ്വീപ് സ്വദേശിയും മുൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുമായിരുന്ന ടി. കാസിമിനെയും ചെത്ലത്ത് ദ്വീപ് സ്വദേശിയും മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമയിരുന്ന എം. അലി അക്ബറിനെയുമാണ് നിയമിച്ചത്.
സംഘടനയ്ക്കും അതിന്റെ പ്രവർത്തനങ്ങൾക്കുമായി ഇരുവരും നൽകിയിട്ടുള്ള അനുഭവസമ്പത്തും പ്രതിബദ്ധതയും സമർപ്പിത സേവനവും മാനിച്ചാണ് നിയമനമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തത്വങ്ങൾക്കും നയങ്ങൾക്കും പരിപാടികൾക്കും അനുസൃതമായും ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരവും ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ പൂർണ്ണ അർപ്പണബോധത്തോടെ നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉത്തരവിൽ പറയുന്നു.
















