അഗത്തി: തൃശ്ശൂർ ഉമരിയ സ്ഥാപനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന ‘മഹ്‌ഫിലേ മഹബ്ബ 2K26’ ആത്മീയ സംഗമം 2026 നവംബർ 27, 28, 29, 30 (വെള്ളി, ശനി, ഞായർ, തിങ്കൾ) തീയതികളിലായി അഗത്തി ദ്വീപിൽ അരങ്ങേറും. അഗത്തി വടക്ക് മർക്കസു ദഅ്വത്തി സുന്നിയ്യ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കുന്ന ഉവൈസുൽ ഖർനി (റ) നഗരിയാണ് നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ വിപുലമായ പരിപാടിക്ക് വേദിയാകുന്നത്.

​അഗത്തി ദ്വീപിന്റെ ആത്മീയ നേതൃത്വങ്ങളായ ഖാളി പി. ചെറിയക്കോയ ദാരിമി ഉസ്താദ്, നായിബ് ഖാളി ബി. അബ്ദുൽ ഗഫൂർ ഫൈസി ഉസ്താദ് എന്നിവരുടെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ സയ്യിദ് പി.എം.എസ്. തങ്ങൾ മുഖ്യ മതപ്രഭാഷണം നടത്തും. കൂടാതെ ഹസൈനാർ സഅദി, മുഹ്സിൻ പുളിക്കൽ, അജ്സൽ തൃശ്ശൂർ, സലിം പാഷ, നൗഫൽ, സക്കരിയ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കും.

​പ്രഭാഷണങ്ങൾക്ക് പുറമെ, മൊയ്നുദ്ദീൻ ബാംഗ്ലൂരും പാർട്ടി അവതരിപ്പിക്കുന്ന ഇശൽ വിരുന്നും നാഅ്‌ത് ഷെരീഫും സംഗമത്തിന് മാറ്റുകൂട്ടും. അറേബ്യൻ സംഗീതത്തിന്റെയും ഉറുദു കാവ്യത്തിന്റെയും അകമ്പടിയോടെ പ്രവാചക പ്രകീർത്തനങ്ങൾ അവതരിപ്പിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ദ്വീപിലെ മുഴുവൻ ദീനീ സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here