
ചെത്ത്ലാത്ത്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ജനാധിപത്യവിരുദ്ധ ഇടപെടലുകൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധമുയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പോരാട്ട ക്യാമ്പയിനായ ‘കനൽ’ ചെത്‌ലാത്ത് ദ്വീപിൽ പ്രക്ഷോഭജ്വാല കൊളുത്തി. ലക്ഷദ്വീപിലെ ജനങ്ങളുടെ ഭരണഘടനാപരമായ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഭരണകൂടത്തിന്റെ വിവേചനപരമായ നിലപാടുകൾക്കെതിരെ യുവജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തുന്നതിനുമാണ് ഈ ബഹുജന പ്രചാരണ പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്.
ചെത്‌ലാത്തിൽ സംഘടിപ്പിച്ച ഉദ്ഘാടനച്ചടങ്ങിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ശ്രീലാൽ ശ്രീധർ ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ ലക്ഷദ്വീപിലെ ദ്വീപ് സമൂഹത്തിന്റെ ശബ്ദമായി യൂത്ത് കോൺഗ്രസ് മുന്നിലുണ്ടാകുമെന്നും, ദ്വീപുകാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ സമ്മതിക്കില്ലെന്നും ഉദ്ഘാടന പ്രസംഗത്തിൽ നേതാക്കൾ വ്യക്തമാക്കി. ദ്വീപിന്റെ സമാധാനാന്തരീക്ഷവും സംസ്കാരവും തകർക്കുന്ന വിധത്തിലുള്ള അഡ്മിനിസ്ട്രേഷന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ യുവജന മുന്നേറ്റം കെട്ടിപ്പടുക്കുകയാണ് ‘കനൽ’ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
പ്രക്ഷോഭ പരിപാടിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഇജാസ് അക്ബർ, യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ പ്രസിഡന്റ് അലി അക്ബർ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.പി. മുഹമ്മദ് സിയാദ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വരും ദിവസങ്ങളിൽ ദ്വീപിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രക്ഷോഭ പരിപാടികൾ വ്യാപിപ്പിക്കാനും യുവജനങ്ങളെ ഏകോപിപ്പിച്ച് ശക്തമായ ജനകീയ പ്രതിരോധം തീർക്കാനുമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
















