
മുംബൈ: ലക്ഷദ്വീപിന്റെ നയനമനോഹരമായ പഞ്ചാര മണൽത്തീരങ്ങളും പച്ചപ്പും നീലക്കടലും പശ്ചാത്തലമാക്കി പുതിയ സംഗീതദൃശ്യകാവ്യവുമായി പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ അയാസ് ഇസ്മായിൽ. ഇൻഡീ-പോപ്പ് ലോകത്തും ബോളിവുഡ് സംഗീതരംഗത്തും തന്റേതായ വേറിട്ട ശൈലികൊണ്ട് ശ്രദ്ധേയനായ അയാസ് ഇസ്മായിൽ, വികാരനിർഭരവും ഹൃദയസ്പർശിയുമായ സംഗീത സൃഷ്ടികളിലൂടെ സംഗീതപ്രേമികളുടെ മനസ്സ് കവർന്ന കലാകാരനാണ്. ലോകോത്തര ശബ്ദമിശ്രണ സാങ്കേതികതയും ഇന്ത്യൻ സംഗീതത്തിന്റെ ആത്മാവും സമന്വയിപ്പിക്കുന്നതിൽ പ്രത്യേക വൈഭവം പുലർത്തുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രണയഗാനമാണ് “സദ്കെ തേരെ”.
പ്രണയത്തിന്റെ ആഴവും പരസ്പരമുള്ള അർപ്പണബോധവും പ്രമേയമാകുന്ന ഈ മനോഹര ഗാനം അറബിക്കടലിന്റെയും ലക്ഷദ്വീപിന്റെയും സൗന്ദര്യത്താൽ കൂടുതൽ സമ്പന്നമാകുന്നു. പ്രണയം എന്നാൽ ഒരു താൽക്കാലിക വികാരത്തിനപ്പുറം, ആത്മബന്ധത്തിന്റെയും പൂർണ്ണമായ കീഴടങ്ങലിന്റെയും ആവിഷ്കാരമാണെന്ന് ഈ ഗാനം അടിവരയിടുന്നു. ലക്ഷദ്വീപിന്റെ ശാന്തവും ദൃശ്യസുന്ദരവുമായ അന്തരീക്ഷം ഗാനത്തിന്റെ പ്രമേയത്തിന് തികച്ചും അനുയോജ്യമായ പശ്ചാത്തലമാണ് ഒരുക്കുന്നത്. ദ്വീപിന്റെ തനിമയും സൗന്ദര്യവും അന്താരാഷ്ട്ര തലത്തിൽ വീണ്ടും എടുത്തുകാണിക്കാൻ ഈ സംഗീതവീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്.
പ്രശസ്ത സംവിധായകൻ അഫ്വിൻ മാത്യൂസ് സംവിധാനം ചെയ്ത ഈ സംഗീത വീഡിയോയിൽ ലക്ഷദ്വീപിന്റെ ആകർഷകമായ നീലക്കടലും തെങ്ങിൻതോപ്പുകളും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സീമ സൈനിയുടെ വരികൾക്ക് അയാസ് ഇസ്മായിൽ തന്നെയാണ് ഈണം പകർന്ന് ആലാപനം നിർവ്വഹിച്ചിരിക്കുന്നത്. സിന്ധു രാജാറാംജിയുടെ പശ്ചാത്തല ശബ്ദവും ബ്രൂസിന്റെ ഗിറ്റാർ വായനയും ഗാനത്തിന് വേറിട്ടൊരു തല നൽകുന്നു. കൂടാതെ, ഗ്രാമി നാമനിർദ്ദേശം ലഭിച്ച വിഖ്യാത മാസ്റ്ററിംഗ് എഞ്ചിനീയർ ഡെയ്ൽ ബെക്കറാണ് ഈ ഗാനത്തിന്റെ ഓഡിയോ മാസ്റ്ററിംഗ് നിർവ്വഹിച്ചിരിക്കുന്നത് എന്നത് നിർമ്മാണത്തിലെ ലോകോത്തര നിലവാരം വ്യക്തമാക്കുന്നു.
‘ഐ തിങ്ക് സൗണ്ട്’ (iThinkSound) എന്ന ലേബലിൽ പുറത്തിറങ്ങിയിരിക്കുന്ന “സദ്കെ തേരെ” നിലവിൽ യൂട്യൂബ്, സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക് തുടങ്ങിയ എല്ലാ പ്രധാന സംഗീത പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ലക്ഷദ്വീപിന്റെ നിശ്ശബ്ദ സൗന്ദര്യത്തെയും പ്രകൃതിമനോഹരമായ കാഴ്ചകളെയും ആഗോള സംഗീതാസ്വാദകരിലേക്ക് എത്തിക്കുന്ന ഈ സംഗീതവീഡിയോ, വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികളെ ലക്ഷദ്വീപിലേക്ക് ആകർഷിക്കാൻ കാരണമാകും.
















