ആന്ത്രോത്ത്: ​ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ജനദ്രോഹ നയങ്ങൾക്കും ദ്വീപ് ജനതയുടെ അവകാശധ്വംസനങ്ങൾക്കുമെതിരെ എസ്.കെ.എസ്.എസ്.എഫ് അന്ത്രോത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവും ‘പ്രതിഷേധ ജ്വാല’ സംഗമവും സംഘടിപ്പിച്ചു. ലക്ഷദ്വീപ് ഡിസേബിൾഡ് വെൽഫെയർ അസോസിയേഷൻ (LDWA) ഉൾപ്പെടെയുള്ള സംഘടനകളും ദ്വീപിലെ വിവിധ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളും ഈ സമരത്തിൽ അണിചേർന്നു. രാഷ്ട്രീയ-സാമൂഹിക വ്യത്യാസങ്ങളില്ലാതെ മുഴുവൻ ജനങ്ങളും കൈകോർത്ത പ്രതിഷേധ മാർച്ച് അന്ത്രോത്തിലെ മൂല ബീച്ചിൽ സമാപിച്ചു. ദ്വീപിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന അഡ്മിനിസ്ട്രേഷൻ നടപടികൾക്കെതിരെ ജനവികാരം ഇരമ്പിയാർത്ത ചടങ്ങിൽ പ്രമുഖ നേതാക്കളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

​ഖാസി ഹംസക്കോയ ഫൈസി ഉദ്ഘാടനം ചെയ്ത പ്രതിഷേധ സംഗമത്തിൽ ലക്ഷദ്വീപ് നേരിടുന്ന ഗുരുതരമായ ഭരണഘടനാപരവും സാമ്പത്തികവുമായ പ്രതിസന്ധികൾ ചർച്ചയായി. യാത്രാ കപ്പൽ-എയർ ആംബുലൻസ് വിഷയങ്ങൾ, ആയിരക്കണക്കിന് കരാർ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്, വികസനത്തിന്റെ പേരിൽ ഭൂമിയവകാശങ്ങൾ കവർന്നെടുക്കാൻ ലക്ഷ്യമിട്ടുള്ള റെഗുലേഷനുകൾ, മൃഗസംരക്ഷണ നിയന്ത്രണങ്ങൾ തുടങ്ങി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നേതൃത്വത്തിൽ അടിച്ചേൽപ്പിക്കുന്ന ജനദ്രോഹ പരിഷ്കാരങ്ങൾക്കെതിരെ ശക്തമായ രോഷമാണ് പ്രതിഷേധത്തിൽ ഉയർന്നത്. ദ്വീപ് നിവാസികളുടെ പരമ്പരാഗത ജീവിതരീതിയെയും സംസ്കാരത്തെയും ഇല്ലാതാക്കാനുള്ള നീക്കങ്ങളെ ഒരുമിച്ചുനിന്ന് ചെറുക്കുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു.

​പ്രതിഷേധ സംഗമത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമൂഹിക സംഘടനാ പ്രതിനിധികളും സംസാരിച്ചു. കോൺഗ്രസ് പ്രതിനിധി അൽത്താഫ് ഹുസൈൻ, എൻ.സി.പി (ശരദ് പവാർ) നേതാവ് കണ്ടേത്ത് സയ്യിദ് മദനി, സി.പി.ഐ.എം പ്രതിനിധി സഖാവ് ഷാഫി ഖുറൈശി, മുസ്ലിം ജമാഅത്ത് നേതാവ് സയ്യിദ് ഖാസിം അഹ്സനി, സി.ജെ.പി നേതാക്കൾ, ലക്ഷദ്വീപ് ഡിസേബിൾഡ് വെൽഫെയർ അസോസിയേഷൻ (LDWA), ഓട്ടോ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ, ഫിഷറീസ് അസോസിയേഷൻ, കലാ-കായിക ക്ലബ്ബുകൾ എന്നിവയുടെ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു. അഡ്മിനിസ്ട്രേഷന്റെ ഭരണഘടനാ വിരുദ്ധമായ നടപടികൾക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഐക്യദാർഢ്യം പ്രഖ്യാപിച്ച നേതാക്കൾ, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here