കൊച്ചി: ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് റഗുലേഷൻ 2026-ൻ്റെ ഭാഗമായുള്ള വിവാദ കരട് ചട്ടങ്ങൾക്കെതിരെ ജനങ്ങൾക്ക് അനായാസം ആക്ഷേപങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനായി ഡിജിറ്റൽ പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. ലക്ഷദ്വീപ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ (എൽ.എസ്.എ) സെൻട്രൽ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് സാധാരണക്കാരായ ദ്വീപ് നിവാസികൾക്ക് നിയമപരമായ എതിർപ്പുകൾ രേഖപ്പെടുത്താൻ സഹായകരമാകുന്ന വിധത്തിൽ ഈ ഏകജാലക ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. ദ്വീപ് ഭരണകൂടം അടുത്തിടെ പുറപ്പെടുവിച്ച പ്രീ-ലെജിസ്ലേറ്റീവ് കൺസൾട്ടേഷൻ നോട്ടീസിന്റെ അടിസ്ഥാനത്തിൽ, തങ്ങളുടെ നിയമപരമായ ആശങ്കകളും നിർദ്ദേശങ്ങളും കൃത്യമായ ഫോർമാറ്റിൽ ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിക്കുകയാണ് ഈ പോർട്ടലിന്റെ ലക്ഷ്യം.

ലക്ഷദ്വീപ് ടൗൺ പ്ലാനിംഗ് റഗുലേഷൻ സെക്ഷൻ 153(7) പ്രകാരം കവറത്തിയിലെ അർബൻ ഡെവലപ്‌മെന്റ് ഡയറക്ടർക്കാണ് ജനങ്ങൾ പരാതികൾ നൽകേണ്ടത്. ഈ പോർട്ടലിലൂടെ പേര്, വീട്ടുപേര്, ദ്വീപ്, ഫോൺ നമ്പർ തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ഒരു തവണ മാത്രം രേഖപ്പെടുത്തിയാൽ മതിയാകും. പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് ബോർഡ് റൂൾസ്, ചീഫ് ടൗൺ പ്ലാനർ ക്വാളിഫിക്കേഷൻസ് റൂൾസ്, പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി റൂൾസ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിയമ കരടുകൾക്കെതിരെയുള്ള നിയമപരമായ എതിർപ്പ് കത്തുകൾ പോർട്ടൽ സിസ്റ്റം തന്നെ സ്വയം തയ്യാറാക്കി നൽകും. മൊബൈൽ സ്‌ക്രീനിൽ ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തി ഈ മൂന്ന് എതിർപ്പ് കത്തുകളും പി.ഡി.എഫ് അല്ലെങ്കിൽ സൂപ്പർ സിപ്പ് ഫയലായി സെക്കൻഡുകൾക്കുള്ളിൽ ഡൗൺലോഡ് ചെയ്ത് സമർപ്പിക്കാൻ സാധിക്കും.

പൊതുജനങ്ങൾക്ക് ആക്ഷേപങ്ങളും എതിർപ്പുകളും സമർപ്പിക്കാനുള്ള പോർട്ടൽ ലിങ്ക്:

👉 https://lakshadweeptcp.vercel.app

അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്ത്, കടമത്ത്, കൽപേനി, കവറത്തി, കീൾത്താൻ, മിനിക്കോയ് തുടങ്ങിയ എല്ലാ ജനവാസ ദ്വീപുകളിലെയും നിവാസികൾക്ക് ഈ പോർട്ടൽ ഉപയോഗപ്പെടുത്താം. പുതിയ ടൗൺ പ്ലാനിംഗ് ചട്ടങ്ങൾ നിലവിൽ വരുന്നത് ദ്വീപ് നിവാസികളുടെ ദൈനംദിന ജീവിതത്തിലും പരമ്പരാഗത ഭൂ അവകാശങ്ങളിലും വലിയ ആഘാതമുണ്ടാക്കുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ ശക്തമാണ്. വീടുകളുടെ ചെറിയ അറ്റകുറ്റപ്പണികൾക്കും മേൽക്കൂര മാറ്റുന്നതിനും വരെ ആർക്കിടെക്റ്റ് രജിസ്ട്രേഷനും കടുത്ത അനുമതികളും നിർബന്ധമാക്കുന്നത് സാധാരണക്കാരായ ദ്വീപ് നിവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. കൂടാതെ, പണ്ടാരം ഭൂമിയും പരമ്പരാഗത തെങ്ങിൻതോപ്പുകളും ഉൾപ്പെടുന്ന ദ്വീപിൻ്റെ സവിശേഷമായ ഭൂവുടമസ്ഥതാ സമ്പ്രദായങ്ങളെ പരിഗണിക്കാതെ, മെയിൻലാൻഡ് മാതൃകയിലുള്ള വർഗ്ഗീകരണം നടപ്പിലാക്കുന്നത് ദ്വീപ് നിവാസികളുടെ ഭൂമി അന്യധീനപ്പെടാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലക്ഷദ്വീപിൽ പഞ്ചായത്തുകളെ മരവിപ്പിച്ചു വർഷങ്ങൾ പിന്നിടുകയാന്. ജനങ്ങളെ നോക്കുകുത്തിയാക്കി അഡ്മിനിസ്ട്രേഷൻ നിയമിക്കുന്ന ബോർഡുകൾക്ക് അമിത അധികാരം നൽകുന്നതിനെതിരെയും ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. ഏതു ഭൂമിയിൽ നിന്നും അടിയന്തരമായി ഒഴിപ്പിക്കൽ നടത്താനുള്ള ഉദ്യോഗസ്ഥാധികാരവും, ചീഫ് ടൗൺ പ്ലാനർ തസ്തികയിലേക്ക് പ്രാദേശിക ഭാഷാ പരിജ്ഞാനമോ പട്ടികവർഗ്ഗ (ST) സംവരണമോ ഒഴിവാക്കിയതും പ്രാദേശിക പങ്കാളിത്തത്തെ പൂർണ്ണമായും ഇല്ലാതാക്കും. ദ്വീപുകളുടെ പരിസ്ഥിതി സൗഹൃദപരമായ അന്തരീക്ഷവും ശുദ്ധജല സ്രോതസ്സുകളും കണക്കിലെടുക്കാതെയുള്ള ദ്രുതഗതിയിലുള്ള വികസന പദ്ധതികൾ ഭാവിയിൽ വലിയ പാരിസ്ഥിതിക വിപത്തിന് വഴിവെക്കുമെന്നതിനാലാണ് ഈ നിയമങ്ങൾക്കെതിരെ വലിയ ജനവികാരം ഉയർന്നുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here