
അഗത്തി: സമസ്ത നൂറാം വാർഷിക ആഘോഷങ്ങളുടെ (സെൻ്റിനറി) ഭാഗമായി അഗത്തി മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന 100 വൃക്ഷത്തൈ നടീൽ പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം അഗത്തി ഫോറസ്റ്റ് സ്റ്റേഷൻ ഹൗസ് ഇൻചാർജ് ഓഫീസർ ബി.എം. ഷാനവാസ് നിർവ്വഹിച്ചു. ഭൂമിയിൽ അനുദിനം വർദ്ധിച്ചുവരുന്ന കോൺക്രീറ്റ് കെട്ടിടങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും പക്ഷിമൃഗാദികളുടെ സ്വാഭാവിക വിഹാരത്തിനും നിലനിൽപ്പിനും വലിയ തടസ്സമാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഒരു മരം നടുന്നത് തണലിനു വേണ്ടി മാത്രമല്ല, നമ്മുടെ സ്വന്തം ജീവൻ്റെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിവിധ വാർഡുകളിൽ നിന്നുള്ള മുസ്ലിം ജമാഅത്ത് നേതാക്കളും ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കെ.സി. സഖാഫി, ഫൈനാൻസ് സെക്രട്ടറി പി.സി. ഇബ്രാഹിം ഹാജി, യൂണിറ്റ് പ്രസിഡൻ്റുമാരായ എ. മുഹമ്മദ് കോയ മുസ്ല്യാർ, കെ. ചെറിയ കോയ മുസ്ല്യാർ, സെക്രട്ടറി ടി.കെ.പി. അബൂസലാം കോയ ഹിശാമി, എം.സി. അബ്ദുൽ റഹ്മാൻ ദാരിമി, പി.വി. ഖാലിദ് ഹാജി, സി.കെ. ബദറുദ്ധീൻ തുടങ്ങിയ പ്രമുഖ നേതാക്കൾ വൃക്ഷത്തൈ നടീൽ കാമ്പയിന് നേതൃത്വം നൽകി. സമസ്ത സെൻ്റിനറിയുടെ ഭാഗമായി പ്രദേശത്ത് കൂടുതൽ പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പിലാക്കുമെന്ന് സംഘാടകർ അറിയിച്ചു.
















