
ന്യൂഡൽഹി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ദ്വീപ് ജനത നേരിടുന്ന അതീവ ഗുരുതരമായ പ്രതിസന്ധികൾ വിവരിക്കുന്നതിനുമായി ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (എൽ.എസ്.എ) നേതാക്കളും മുൻ എം.പി പി.പി. മുഹമ്മദ് ഫൈസലും ഡൽഹിയിൽ സംയുക്ത വാർത്താസമ്മേളനം നടത്തി. ദ്വീപിൽ നിലവിലുള്ള കോൺഗ്രസ് എം.പി ജനങ്ങളുടെ ആവശ്യങ്ങളോ ദ്വീപുകാരുടെ നീറുന്ന പ്രശ്നങ്ങളോ പാർലമെന്റിലോ ബന്ധപ്പെട്ട മന്ത്രാലയങ്ങളിലോ ഉന്നയിക്കാൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് മുഹമ്മദ് ഫൈസൽ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി ആൻഡമാനിലെ പ്രകൃതിവിഷയങ്ങളിൽ ഇടപെട്ട് സംസാരിക്കുമ്പോൾ എന്തുകൊണ്ട് ലക്ഷദ്വീപിന്റെ അവസ്ഥ ചർച്ചയാകുന്നില്ല എന്ന ചോദ്യത്തിന് പിന്നിൽ, വിഷയങ്ങൾ കൃത്യമായി കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുന്നതിൽ നിലവിലെ എം.പി കാണിച്ച അനാസ്ഥയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലക്ഷദ്വീപിൽ ഒരു ജനപ്രതിനിധി ഉണ്ടോ എന്ന് പോലും ദ്വീപുനിവാസികൾ സംശയിക്കുന്ന തരത്തിലുള്ള നിസ്സംഗതയാണ് കാണാൻ സാധിക്കുന്നത്. ഭരണകൂടത്തിന്റെ വിചിത്രമായ നിയമനിർമ്മാണങ്ങൾ മൂലം സ്വന്തം മണ്ണ് വിൽക്കാനോ പണയപ്പെടുത്താനോ പോലും ജില്ലാ കളക്ടറുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങേണ്ട ഗതികേടിലാണ് പട്ടികവർഗ്ഗ മേഖലയായ ലക്ഷദ്വീപിലെ ജനങ്ങളെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന വിനാശകരമായ പരിഷ്കാരങ്ങൾക്കെതിരെ ശക്തമായ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി എൽ.എസ്.എ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മിസ്ബാഹുദ്ദീൻ, നേതാക്കളായ സഫറുള്ളാ ഖാൻ, ജവാദ് ബിൻ അഷ്റഫ്, റമീസ് ഖാൻ സി.പി.കെ, അരൂഷ് ഖാൻ എന്നിവരടങ്ങുന്ന വിദ്യാർത്ഥി പ്രതിനിധി സംഘമാണ് രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നത്. മുൻ എൽ.എസ്.എ ജനറൽ സെക്രട്ടറി കൂടിയായ മുൻ എം.പി പി.പി. മുഹമ്മദ് ഫൈസൽ ഈ യാത്രയിലുടനീളം വിദ്യാർത്ഥി നേതാക്കളെ പിന്തുണച്ചുകൊണ്ട് ഒപ്പമുണ്ട്. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായും വകുപ്പ് മന്ത്രിമാരുമായും സംഘം തുടർച്ചയായ കൂടിക്കാഴ്ചകൾ നടത്തിവരികയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള പ്രദേശമായി ലക്ഷദ്വീപ് മാറിയിട്ടും, വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന രണ്ടായിരത്തി അഞ്ഞൂറോളം സ്ഥിര തസ്തികകൾ നികത്തുന്നതിന് പകരം അവ പൂർണ്ണമായി റദ്ദാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനുപുറമേ സർവീസ് റൂളിലെ 56-ാം വകുപ്പ് ദുരുപയോഗം ചെയ്ത് നൂറിലധികം ജീവനക്കാരെ കാര്യക്ഷമതയില്ലെന്ന ബാലിശമായ കാരണം പറഞ്ഞ് ജോലിയിൽ നിന്നും പിരിച്ചുവിട്ടതും, വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകളും ഉന്നതവിദ്യാഭ്യാസ കോഴ്സുകളും നിർത്തലാക്കിയതും സംഘം കേന്ദ്ര മന്ത്രാലയങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി.
ഡൽഹി സന്ദർശനത്തിന്റെ ഭാഗമായി കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി എൽ.എസ്.എ നേതാക്കളും മുഹമ്മദ് ഫൈസലും കൂടിക്കാഴ്ച നടത്തി. വികസനത്തിന്റെ പേരിൽ ലക്ഷദ്വീപിന്റെ തനതായ പ്രകൃതിയെയും പരിസ്ഥിതിയെയും അശാസ്ത്രീയമായ നിർമ്മാണങ്ങളിലൂടെ എങ്ങനെയാണ് തകർക്കുന്നതെന്ന് കൃത്യമായ തെളിവുകൾ സഹിതം സംഘം മന്ത്രിക്ക് മുന്നിൽ വിവരിച്ചു. പരിസ്ഥിതി സംരക്ഷണ മേഖലയിൽ സജീവമായിരുന്ന ഇരുനൂറോളം മറൈൻ വാച്ചർമാരെ യാതൊരു മാനദണ്ഡവുമില്ലാതെ ജോലിയിൽ നിന്നും കൂട്ടത്തോടെ പിരിച്ചുവിട്ട വിഷയം പ്രതിനിധി സംഘം ശക്തമായി ഉന്നയിച്ചു. പരാതികൾ അതീവ ഗൗരവത്തോടെ കേട്ട പരിസ്ഥിതി മന്ത്രി, തന്റെ മന്ത്രാലയത്തിന് കീഴിൽ വരുന്ന ഈ വിഷയങ്ങളിൽ അടിയന്തരമായി ഇടപെടാമെന്നും പ്രശ്നങ്ങൾക്ക് എത്രയും വേഗം ശാശ്വതമായ പരിഹാരം കാണാമെന്നും എൽ.എസ്.എ നേതാക്കൾക്ക് ഉറപ്പുനൽകി. വരും ദിവസങ്ങളിലും ദ്വീപിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി കൂടുതൽ കേന്ദ്ര മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ട് ഭരണകൂടത്തിന്റെ ജനവിരുദ്ധ നീക്കങ്ങൾ തുറന്നുകാട്ടാനാണ് വിദ്യാർത്ഥി സംഘടനയുടെയും മുൻ എം.പിയുടെയും തീരുമാനം.
















