
കവരത്തി: പരിസ്ഥിതി ദിനത്തിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വേറിട്ട പ്രതിഷേധവുമായി എൻ.സി.പി (ശരദ് പവാർ വിഭാഗം). ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ റോഡരികിലുള്ള തെങ്ങുകൾ ഭരണകൂടം അകാരണമായി വെട്ടിനശിപ്പിക്കുന്നതിനെതിരെയാണ് എൻ.സി.പി (എസ്.പി) യുടെ നേതൃത്വത്തിൽ ഹരിത പ്രതിഷേധം സംഘടിപ്പിച്ചത്. ഭരണകൂടം തെങ്ങുകൾ വെട്ടിമാറ്റിയ അതേ സ്ഥലങ്ങളിൽ പുതിയ തെങ്ങിൻ തൈകൾ നട്ടുപിടിപ്പിച്ചായിരുന്നു പാർട്ടി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്. കവരത്തിയിൽ നടന്ന പ്രതിഷേധ പരിപാടി മുൻ പഞ്ചായത്ത് മെമ്പർ ടി.പി. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. ലോക പരിസ്ഥിതി ദിനത്തിൽ പോലും മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന് പകരം പച്ചപ്പ് നശിപ്പിക്കുന്ന നിലപാടാണ് ലക്ഷദ്വീപ് ഭരണകൂടം സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യൂണിറ്റ് പ്രസിഡന്റ് കെ. ആറ്റക്കോയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നേരത്തെ ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ എൻ.സി.പി (എസ്.പി) ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. അന്ന് പ്രതിഷേധിച്ച നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്. തുടർന്ന് നിലവിൽ ലക്ഷദ്വീപ് പോലീസിന്റെയും സി.ആർ.പി.എഫിന്റെയും കനത്ത സുരക്ഷാ വലയത്തിലാണ് അധികൃതർ ദ്വീപുകളിലെ തെങ്ങുകൾ വ്യാപകമായി വെട്ടിനശിപ്പിക്കുന്നത്. ഇതിലുള്ള ശക്തമായ ജനരോഷം പ്രകടിപ്പിക്കാൻ കൂടിയാണ് പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ടുകൊണ്ടുള്ള ഈ വേറിട്ട സമരമാർഗ്ഗം പാർട്ടി സ്വീകരിച്ചത്. വിവിധ ദ്വീപുകളിലെ നിരവധി പ്രവർത്തകരും പ്രാദേശിക നേതാക്കളും ഈ പ്രതിഷേധത്തിൽ പങ്കാളികളായി.
















