
കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ ഉത്തരവുകൾക്കെതിരെ പ്രതിഷേധിച്ച എൻ.സി.പി (എസ്.പി), എൻ.വൈ.സി പ്രവർത്തകരുടെ ജാമ്യം റദ്ദാക്കാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻറെ നീക്കത്തിന് തിരിച്ചടി. ദ്വീപ് ജനതയുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതിന്റെ പേരിൽ കഴിഞ്ഞ ഏപ്രിൽ 13-ന് അറസ്റ്റിലായ എൻ.സി.പി, എൻ.വൈ.സി (ശരദ് പവാർ വിഭാഗം) അമിനി യൂണിറ്റ് ഭാരവാഹികൾക്കും പ്രവർത്തകർക്കും അമിനി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സി.ജെ.എം) കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഈ ജാമ്യ ഉത്തരവിനെതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡാ പട്ടേലിന്റെ നേതൃത്വത്തിൽ ഭരണകൂടം ജില്ലാ കോടതിയിൽ സമർപ്പിച്ച അപ്പീൽ ഹർജിയാണ് ഇപ്പോൾ ബഹുമാനപ്പെട്ട ജില്ലാ കോടതി തള്ളിയത്.

ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനാധിപത്യപരമായി പ്രതികരിച്ചവരെ വീണ്ടും ജയിലിലടയ്ക്കാനുള്ള ലക്ഷ്യത്തോടെയാണ് അഡ്മിനിസ്ട്രേഷൻ അപ്പീലുമായി ജില്ലാ കോടതിയെ സമീപിച്ചതെന്ന് രാഷ്ട്രീയ നേതൃത്വം ആരോപിച്ചു. അഡ്മിനിസ്ട്രേറ്ററുടെ കടുത്ത സമ്മർദ്ദവും രാഷ്ട്രീയ ഗൂഢാലോചനയും മുൻനിർത്തി സമർപ്പിക്കപ്പെട്ട ഹർജി കോടതി തള്ളിയതോടെ, ഭരണകൂടത്തിന്റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ ശക്തമായ പ്രഹരമായാണ് ദ്വീപ് നിവാസികൾ ഈ വിധിയെ കാണുന്നത്. പ്രതിഭാഗത്തിന് വേണ്ടി പ്രമുഖ അഭിഭാഷകരായ അഡ്വ. വി. മനോജ്, അഡ്വ. കോയ അറഫ മിറാഷ്, അഡ്വ. ആദർശ് വി. മനോജ്, അഡ്വ. സബീഹ് അമൻ എന്നിവരും മുഖ്തിയാർമാരായ അസ്താർ ഖാൻ, പി.പി. അബ്ദു റഹിമാൻ എന്നിവരും കോടതിയിൽ ഹാജരായി.

ഭരണകൂടത്തിന്റെ ഇത്തരം ജനാധിപത്യവിരുദ്ധമായ വേട്ടയാടലുകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കാനാണ് എൻ.സി.പി (എസ്.പി) അമിനി യൂണിറ്റിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 10.30-ന് ഡോ: കോയാ ഭവനിൽ നിന്നും ആരംഭിച്ച് അമിനി ഡി.സി ഓഫീസിലേക്ക് ശക്തമായ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഏകപക്ഷീയമായ നടപടികളിലും പൗരത്വ അവകാശ ലംഘനങ്ങളിലും പ്രതിഷേധിക്കുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികളും ഈ പ്രതിഷേധ മാർച്ചിൽ അണിനിരക്കണമെന്ന് പാർട്ടി നേതൃത്വം ഔദ്യോഗികമായി ആഹ്വാനം ചെയ്തു.
















