കൊച്ചി: ലക്ഷദ്വീപ് സ്വദേശികളെ വിവാഹം കഴിച്ച വൻകരയിൽ നിന്നുള്ളവരുടെ കുടുംബാംഗങ്ങൾക്ക് ദ്വീപിലേക്ക് പ്രവേശിക്കാൻ എൻട്രി പെർമിറ്റ് നിർബന്ധമാക്കിയ അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ലക്ഷദ്വീപ് സ്വദേശികളായവരുടെ പങ്കാളികൾ, മക്കൾ, മറ്റ് അടുത്ത കുടുംബാംഗങ്ങൾ എന്നിവർക്ക് മുൻകൂട്ടി പെർമിറ്റ് എടുക്കാതെ തന്നെ ദ്വീപിലേക്ക് പ്രവേശിക്കാമെന്ന് ജസ്റ്റിസ് സുശ്രുത അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് എൻട്രി പെർമിറ്റ് വേണമെന്ന നിബന്ധന 1967-ലെ ലക്ഷദ്വീപ് എൻട്രി ആൻഡ് റെസിഡൻസ് റൂൾസിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ആറു വയസ്സുകാരനായ റയാൻ ആദം അജിതിന് വേണ്ടി മാതാവ് കിൽത്താൻ ദ്വീപ് സ്വദേശി ആറ്റബി ടി.കെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Advertisement

ദ്വീപ് സ്വദേശികളെ വിവാഹം കഴിച്ചവർക്ക് പെർമിറ്റ് വേണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഈ നിർണായക വിധി. നേരത്തെ, സിംഗിൾ ബെഞ്ച് അഡ്മിനിസ്ട്രേഷന്റെ നടപടി ശരിവെച്ചിരുന്നെങ്കിലും, ഇത് നിയമപരമായി നിലനിൽക്കില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 1967-ലെ ചട്ടപ്രകാരം ദ്വീപ് സ്വദേശികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പെർമിറ്റിൽ നിന്ന് ഇളവുണ്ടെന്നും, ഈ നിയമം ഭേദഗതി ചെയ്യാതെ വെറുമൊരു എക്സിക്യൂട്ടീവ് ഓർഡർ വഴി പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരന് വേണ്ടി ശ്രീ. അജിത് ജി. അഞ്ചാർലേക്കർ, ശ്രീ. ഗോവിന്ദ് പദ്മനാഭൻ, ശ്രീ. ജി.പി. ഷിനോദ് എന്നിവരാണ് കോടതിയിൽ ഹാജരായത്. ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി സ്റ്റാൻഡിങ് കൗൺസൽ ശ്രീ. ആർ.വി. ശ്രീജിത്തും ഹാജരായി.

Advertisement

അതേസമയം, മറ്റ് വിഭാഗങ്ങളിൽപ്പെട്ടവർക്കുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും കോടതി വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ പശ്ചാത്തലം പരിശോധിക്കാനാണ് പെർമിറ്റ് ഏർപ്പെടുത്തിയതെന്ന അഡ്മിനിസ്ട്രേഷന്റെ വാദം കോടതി അംഗീകരിച്ചില്ല. നിലവിലുള്ള നിയമപരമായ ഇളവുകളെ മറികടക്കാൻ ഇത്തരം കാരണങ്ങൾ മതിയല്ലെന്ന് വ്യക്തമാക്കിയ കോടതി, ലക്ഷദ്വീപ് സ്വദേശികളുടെ മക്കൾക്കും പേരക്കുട്ടികൾക്കും മരുമക്കൾക്കും ഈ വിധി ആശ്വാസകരമാണെന്നും കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here