
കവരത്തി: ലക്ഷദ്വീപ് ബാർ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചരിത്രത്തിൽ ആദ്യമായി ഒരു വനിത അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന പ്രത്യേകത ഈ തെരഞ്ഞെടുപ്പിനുണ്ട്. അഡ്വ. സി.എൻ. നൂറുൽ ഹിദായ ആണ് ലക്ഷദ്വീപ് ബാർ അസോസിയേഷന്റെ പ്രഥമ വനിതാ പ്രസിഡന്റ് എന്ന ബഹുമതി സ്വന്തമാക്കിയത്.
ബാർ കൗൺസിൽ ഓഫ് കേരളയുടെ അംഗീകാരം ലഭിച്ചതിന് ശേഷം നിലവിൽ വരുന്ന കമ്മിറ്റിയാണ് അഡ്വ. ഹിദായ നയിക്കുന്ന പുതിയ സമിതി.
പുതിയ ഭാരവാഹികൾ:
- പ്രസിഡന്റ്: അഡ്വ. സി.എൻ. നൂറുൽ ഹിദായ
- സെക്രട്ടറി: അഡ്വ. മുഹമ്മദ് സാലിഹ് പി.എം
- വൈസ് പ്രസിഡന്റ്: അഡ്വ. റൗഫ് എം.കെ
- ജോയിന്റ് സെക്രട്ടറി: അഡ്വ. മുഹ്സിന ബീഗം
- ട്രഷറർ: അഡ്വ. ഹസീന അബൂബക്കർ
പുതിയ കമ്മിറ്റി അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് പുതുശക്തിയും ദിശയും നൽകുമെന്നാണ് അംഗങ്ങളുടെ പൊതുവായിട്ടുള്ള വിലയിരുത്തൽ.
ദ്വീപ് കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് പുതിയ കമ്മിറ്റി പ്രഥമ പരിഗണന നൽകുക എന്ന് സെക്രട്ടറി അഡ്വ. മുഹമ്മദ് സാലിഹ് പി.എം വ്യക്തമാക്കി. ദ്വീപ് കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് അഭിഭാഷക ക്ഷേമ നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ക്രിമിനൽ കേസുകളിൽ അഭിഭാഷകർ അല്ലാത്തവർ ഹാജരാക്കുന്ന നടപടി നിർത്തലാക്കുന്നതിന് ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അസോസിയേഷൻ സെക്രട്ടറി കൂട്ടിച്ചേർത്തു.
















