കവരത്തി: ലക്ഷദ്വീപിലെ യുവജനങ്ങൾക്ക് സുവർണ്ണാവസരം എന്ന് വിശേഷിപ്പിച്ച് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് (MY Bharat) ദേശീയ യുവ സന്നദ്ധപ്രവർത്തകരെ (National Youth Volunteer – NYV) ക്ഷണിക്കുന്നു. ദ്വീപിലെ 22 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എന്നാൽ, രാജ്യത്തെ നിലവിലെ ജീവിതച്ചെലവ് പരിഗണിക്കുമ്പോൾ, പ്രതിമാസം ₹5,000 രൂപ മാത്രമാണ് ഓണറേറിയമായി നൽകുന്നത് എന്നത് യുവജനങ്ങൾക്കിടയിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

പത്താം ക്ലാസ്സ് പാസ്സായവർക്കാണ് അപേക്ഷിക്കാനുള്ള അവസരം. 1996 ഏപ്രിൽ 1-നും 2007 മാർച്ച് 31-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷ സമർപ്പിക്കാം. 2026 മാർച്ച് 31 വരെയാണ് നിയമന കാലാവധി. പ്രകടനം വിലയിരുത്തി ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകാൻ സാധ്യതയുണ്ടെങ്കിലും, ലക്ഷദ്വീപ് പോലൊരു പ്രദേശത്ത് താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന യുവജനങ്ങൾക്ക് വെറും ₹5,000 രൂപ പ്രതിമാസം ഓണറേറിയം നൽകുന്നത് അപര്യാപ്തമാണെന്ന അഭിപ്രായം ശക്തമാണ്. ഓരോ ദ്വീപിലും 2 വീതം, കൂടാതെ കവരത്തി ഓഫീസിൽ 2 എന്നിങ്ങനെ ആകെ 22 ഒഴിവുകളാണ് നിലവിലുള്ളത്.

നിലവിൽ റെഗുലർ വിദ്യാർത്ഥികളായവരും മുൻപ് ഈ സ്ഥാനത്ത് പ്രവർത്തിച്ചവരും അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 25 ആണ്. താത്പര്യമുള്ളവർക്ക് https://mybharat.gov.in/pages/ny_corps_gjt എന്ന ലിങ്ക് വഴി അപേക്ഷിക്കാം. കുറഞ്ഞ ഓണറേറിയം സംബന്ധിച്ച ആശങ്കകൾക്കിടയിലും, യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ അധികൃതർ തയ്യാറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here