
കവരത്തി: തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിന് സമീപത്തായി രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും അനുബന്ധ ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി ലക്ഷദ്വീപിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ ഉയരം വരെ ചക്രവാതച്ചുഴി വ്യാപിച്ചിരിക്കുന്നതിനാൽ നവംബർ 27 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും, ചില അവസരങ്ങളിൽ കാറ്റിന്റെ വേഗത 55 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) മുന്നറിയിപ്പിനെ അടിസ്ഥാനമാക്കി ലക്ഷദ്വീപ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി.എം.എ) അറിയിച്ചു. നവംബർ 26, 27 തീയതികളിൽ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്.
















