
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ ദ്വീപിലെ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ തീരുമാനിച്ചു. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ലക്ഷദ്വീപ് ഘടകം മുൻകൈയെടുത്ത് സംഘടിപ്പിച്ച ചരിത്രപ്രധാനമായ സർവകക്ഷി സംയുക്ത യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. ദ്വീപിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളെയും യുവജന-വിദ്യാർത്ഥി സംഘടനകളെയും സന്നദ്ധ സംഘടനകളെയും (എൻ.ജി.ഒ) ഉൾപ്പെടുത്തി ‘ലക്ഷദ്വീപ് ജോയിന്റ് ഫോറം’ (Lakshadweep Joint Forum) രൂപീകരിക്കാൻ യോഗം ഏകകണ്ഠമായി തീരുമാനിച്ചു.
ഭരണകൂടത്തിന്റെ ഏകപക്ഷീയവും ജനവിരുദ്ധവുമായ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകാനാണ് സംയുക്ത സമിതിയുടെ തീരുമാനം. യോഗത്തിൽ ലക്ഷദ്വീപ് എം.പിയും എൽ.ടി.സി.സി (LTCC) പ്രസിഡന്റുമായ മുഹമ്മദ് ഹംദുള്ള സയീദ്, മുൻ എം.പി പി.പി. മുഹമ്മദ് ഫൈസൽ, എൻ.സി.പി (എസ്.പി) സംസ്ഥാന പ്രസിഡന്റ് അഡ്വ. അറഫ എന്നിവർക്ക് പുറമെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാനതല നേതാക്കളും പങ്കെടുത്തു.
പ്രക്ഷോഭ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി ഒരു കോർഡിനേഷൻ കമ്മിറ്റിയും ജനറൽ കൗൺസിലും യോഗത്തിൽ രൂപീകരിച്ചിട്ടുണ്ട്. ഭരണകൂടത്തിനെതിരായ തുടർസമര പരിപാടികൾ ഉടൻ തന്നെ ആസൂത്രണം ചെയ്ത് പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു. സർവകക്ഷി യോഗത്തിന് പിന്നാലെ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനരോഷം ഉയർത്തിക്കൊണ്ട് കവരത്തി പഞ്ചായത്ത് സ്റ്റേജിൽ പൊതുയോഗവും പുരോഗമിക്കുകയാണ്.
















