
ആന്ത്രോത്ത്: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ആന്ത്രോത്ത് ദ്വീപിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മൂല ബീച്ചിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ചിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. സി.പി.ഐ.എം ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ഷാഫി ഖുറൈശി, എസ്.കെ.എസ്.എസ്.എഫ് പ്രതിനിധി ഉസ്താദ് ഹക്കീം ഫൈസി, സി.ജെ.പി കോ ഓഡിനേറ്റർ അബൂ ആന്ത്രോത്ത്, ആന്ത്രോത്ത് മുസ്ലീം ജമാഅത്ത് പ്രതിനിധി എസ്.വി അലാവുദ്ദീൻ ഉൾപ്പെടെ വ്യത്യസ്ത സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കൾ സംസാരിച്ചു.
എൻ.സി.പി(എസ്.പി) ആന്ത്രോത്ത് ഘടകത്തെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നെങ്കിലും അവർ പങ്കെടുത്തില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് എം.പിയുടെയും എൽ.ടി.സി.സി അധ്യക്ഷന്റെയും രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളും അറിയേണ്ടതുണ്ട് എന്ന് എൻ.സി.പി ആന്ത്രോത്ത് കമ്മിറ്റി, ആന്ത്രോത്ത് യൂത്ത് കോൺഗ്രസിന് അയച്ച മറുപടി കത്തിൽ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ നിലപാട് കൂടി അറിഞ്ഞതിന് ശേഷം എൻ.സി.പി(എസ്.പി) സംസ്ഥാന കമ്മിറ്റി നിർദേശിക്കുന്ന രീതിയിൽ പൊതു വിഷയങ്ങളിൽ സഹകരിച്ച് മുന്നോട്ട് പോകാൻ തയ്യാറാണെന്ന് എൻ.സി.പി(എസ്.പി) ആന്ത്രോത്ത് ഘടകം മറുപടി കത്തിൽ പറയുന്നു.
















