
എറണാകുളം: ലക്ഷദ്വീപിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുതിയ ഭരണകൂട നടപടികൾക്കും ‘ടൗൺ ആൻഡ് കൺട്രി പ്ലാൻ ഡെവലപ്മെന്റ് റെഗുലേഷൻ 2026’ ഉൾപ്പെടെയുള്ള ജനവിരുദ്ധ നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി എൻ.സി.പി (എസ്.പി) നേതൃത്വം എറണാകുളത്ത് പത്രസമ്മേളനം നടത്തി. എൻ.സി.പി (എസ്.പി) ദേശീയ ജനറൽ സെക്രട്ടറിയും മുൻ എം.പിയുമായ മുഹമ്മദ് ഫൈസൽ, ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കോയാ അറഫാ മിറാജ്, വൈസ് പ്രസിഡന്റ് തൗസീഫ്, മുൻ സീനിയർ വൈസ് പ്രസിഡന്റ് സി.എൻ അറ്റക്കോയ എന്നിവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്. ദ്വീപ് ജനതയുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഭരണകൂട നയങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ദ്വീപിലെ ജനങ്ങളുടെ നൂറ്റാണ്ടുകളായുള്ള അവകാശങ്ങളെ ചോദ്യം ചെയ്യുന്നതാണ് പുതിയ ഭൂവിനിയോഗ നിയമങ്ങളെന്ന് പത്രസമ്മേളനത്തിൽ നേതാക്കൾ ചൂണ്ടിക്കാണിച്ചു. പാരമ്പര്യമായി ദ്വീപ് നിവാസികളുടെ ഉടമസ്ഥതയിലുള്ള പണ്ടാരം ഭൂമി ഭരണകൂടത്തിന്റേതാണെന്ന് വരുത്തിതീർക്കാനും, അതുവഴി ജനങ്ങളെ തങ്ങളുടെ സ്വന്തം മണ്ണിൽ നിന്ന് കുടിയിറക്കാനുമാണ് അധികാരികൾ നേരത്തെ ശ്രമം നടത്തിയത്. പണ്ടാരം കേസിൽ ഭരണകൂടത്തിന് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി ലഭിച്ചതോടെ പുതിയ നിയമങ്ങളുമായി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. യാതൊരുവിധ ജനകീയ കൂടിയാലോചനകളും നടത്താതെയും പരസ്യമായ നോട്ടിഫിക്കേഷനുകൾ ഒഴിവാക്കിയുമാണ് ഇത്തരം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് ഭൂമി, കൃഷി, ജനങ്ങളുടെ ദൈനംദിന ജീവിതം എന്നിവയിൽ അമിതാധികാരം നൽകുന്ന പുതിയ റെഗുലേഷനുകൾ ഭരണഘടനാവിരുദ്ധവും ദ്വീപ് നിവാസികളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയുമാണ്. കൂടാതെ, മേഖലയിലെ ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ രൂക്ഷമായ പ്രതിസന്ധികളും യാത്രാസൗകര്യങ്ങളുടെ അഭാവവും ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുന്നുണ്ട്. കരാർ-സ്ഥിര ജീവനക്കാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ പിരിച്ചുവിടുന്ന ഭരണകൂടത്തിന്റെ നിലപാട് തികച്ചും വിവേചനപരമാണെന്നും നേതാക്കൾ വ്യക്തമാക്കി.
അഡ്മിനിസ്ട്രേഷന്റെ ഇത്തരം ഭരണകൂട ഭീകരതയ്ക്കെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാടാൻ എൻ.സി.പി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ നിയമങ്ങളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് കേരള ഹൈക്കോടതിയിൽ ഹർജികൾ സമർപ്പിച്ചു കഴിഞ്ഞു. ദ്വീപ് ജനതയ്ക്കിടയിൽ കൃത്യമായ ബോധവത്കരണം നടത്തുന്നതിനോടൊപ്പം തന്നെ, ജനങ്ങളുടെ നിലനിൽപ്പിനും അവകാശങ്ങൾക്കുമായി കേരള ഹൈക്കോടതി മുഖേനയുള്ള നിയമപോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും നേതാക്കൾ വ്യക്തമാക്കി. ഹൈക്കോടതിയിലെ നിയമപോരാട്ടത്തിന് സുപ്രീം കോടതിയിൽ നിന്നുള്ള ഭരണഘടനാ വിദഗ്ധനായ മുതിർന്ന അഭിഭാഷകരെ എത്തിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി എന്നും നേതാക്കൾ അറിയിച്ചു.
















