
കവരത്തി: ലക്ഷദ്വീപ് മേഖലയിൽ പ്രതികൂല കാലാവസ്ഥയ്ക്കും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് ഭരണകൂടത്തിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി (DDMA) പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കളക്ടറേറ്റിൽ നിന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും സി.ഇ.ഒയുമായ ജഗദീഷ് ശർമ്മ ഒപ്പുവെച്ച ഔദ്യോഗിക സർക്കുലർ വഴിയാണ് മുന്നറിയിപ്പ് അറിയിച്ചിട്ടുള്ളത്.
ഒക്ടോബർ 18 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമാകാൻ ഇടയുണ്ട്. ഇതിനുപുറമേ, ഒക്ടോബർ 18 മുതൽ ഒക്ടോബർ 21 വരെയുള്ള ദിവസങ്ങളിൽ ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചിട്ടുമുണ്ട്.
മോശം കാലാവസ്ഥ കണക്കിലെടുത്ത് പൊതുജനങ്ങളും മൽസ്യത്തൊഴിലാളികളും കർശന ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. മുന്നറിയിപ്പ് കാലാവധി അവസാനിക്കുന്നത് വരെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടൽ പ്രക്ഷുബ്ധമായ സാഹചര്യങ്ങളിൽ വിനോദസഞ്ചാര-വിനോദ പരിപാടികൾ പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. ഇടിമിന്നലോ മഴയോ ആരംഭിക്കുമ്പോൾ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറേണ്ടതാണ്. ഇടിമിന്നലുള്ള സമയത്ത് വാതിലുകൾ, ജനലുകൾ, വൈദ്യുത ഉപകരണങ്ങൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കണമെന്നും, തുറസ്സായ സ്ഥലങ്ങളിലോ കെട്ടിടങ്ങളുടെ മുകളിലോ നിൽക്കരുതെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു. കൂടാതെ, മരങ്ങളുടെ തണലിൽ അഭയം തേടുകയോ വാഹനങ്ങൾ നിർത്തിയിടുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്. നിർദേശങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി എല്ലാ ഡെപ്യൂട്ടി കളക്ടർമാർക്കും ഓൾ ഇന്ത്യ റേഡിയോ കവറത്തിക്കും നിർദേശം നൽകിയിട്ടുണ്ട്.
















