
ആന്ത്രോത്ത്: ആയുഷ്മാൻ ആരോഗ്യ മന്ദിറിലേക്ക് അഡ്വ. മുഹമ്മദ് ഹംദുള്ള സഈദ് എം.പി.യുടെ എം.പി ലാഡ് (MPLADS) ഫണ്ടിൽ നിന്നും 19.50 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ പുതിയ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീന്റെ ഉദ്ഘാടനം ലക്ഷദ്വീപ് എം.പി. അഡ്വ. മുഹമ്മദ് ഹംദുള്ള സഈദ് നിർവ്വഹിച്ചു. ചൊവ്വാഴ്ച രാവിലെ ആയുഷ്മാൻ ആരോഗ്യ മന്ദിർ വെച്ചാണ് ചടങ്ങ് നടന്നത്. ദ്വീപ് നിവാസികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ പുതിയ സ്കാനിംഗ് മെഷീന്റെ വരവ് വലിയ ആശ്വാസമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.പി. വ്യക്തമാക്കി.
ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. സ്വാലിഹ് കോമളം സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി കളക്ടറും സി.ഇ.ഒ.യുമായ ഡോ. കുൽദീപ് സിംഗ് താക്കൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പി.എസ്. അഷ്റഫ് കൃതജ്ഞത രേഖപ്പെടുത്തി. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി പൂർത്തീകരിച്ചത്.
















