
കവരത്തി: ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്സുകൾ അനുവദിച്ച് ഉത്തരവിറങ്ങി. അഡ്മിഷൻ നടപടികൾ പുരോഗമിക്കുന്നതിനിടെ നാല് കോഴ്സുകൾ റദ്ദാക്കിയ അധികൃതരുടെ നടപടിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ്, പകരം പുതിയ കോഴ്സുകൾ അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം കടമത്ത് ദ്വീപിലെ കോളജിൽ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് കോഴ്സും, ആന്ത്രോത്ത് ദ്വീപിലെ കോളജിൽ ബിബിഎ ടൂറിസം, ബിഎസ്സി സൈക്കോളജി, ബി വോക് ഫുഡ് പ്രാസസിങ്ങ് ആന്റ് പ്രിസർവേഷൻ എന്നീ മൂന്ന് കോഴ്സുകളുമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുതുതായി അനുവദിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസത്തിന് വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ലക്ഷദ്വീപിലെ വിദ്യാർഥികൾക്ക് പുതിയ കോഴ്സുകൾ അനുവദിച്ചുകൊണ്ടുള്ള ഈ തീരുമാനം ഏറെ ആശ്വാസകരമാകും.
















