
അഗത്തി: ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലുണ്ടായ കയാക്കിങ് അപകടത്തെത്തുടർന്ന് ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ ശ്രീരാജ് അന്തരിച്ചു. ബംഗാരം ലഗൂണിൽ കയാക്കിങ് നടത്തുന്നതിനിടെയാണ് അദ്ദേഹം അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് അടിയന്തരമായി ബംഗാരത്തിൽ നിന്നും ലക്ഷദ്വീപ് പൊലീസിന്റെയും ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിന്റെയും നേതൃത്വത്തിൽ കടൽമാർഗ്ഗം ഫയർ ഫോഴ്സ് ആർ.ഐ.ബി (Rigid Inflatable Boat) വഴിയാണ് അദ്ദേഹത്തെ അഗത്തിയിലേക്ക് എത്തിച്ചത്.

തുടർന്ന് അഗത്തിയിലെ രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ (RGSH) പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് (Wet Drowning) പ്രാഥമിക മരണകാരണമെന്നാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ അന്വേഷിച്ചു വരികയാണ്.
















