
ചെത്ത്‌ലാത്ത്: മുൻ കേന്ദ്രമന്ത്രിയായിരുന്ന പി.എം. സഈദ് സാഹിബിന്റെ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് ചെത്ത്‌ലാത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങിൽ കായികരംഗത്ത് ദ്വീപിന് അഭിമാനമായ പ്രതിഭകളെ ആദരിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമി ടീമിന്റെ ക്യാപ്റ്റനായി മാറിയ ചെത്ത്‌ലാത്ത് ദ്വീപുകാരനായ തൗഫീഖിനെ പരിപാടിയിൽ വെച്ച് പ്രത്യേകം അനുമോദിച്ചു. കഴിഞ്ഞ ലക്ഷദ്വീപ് സ്കൂൾ ഗെയിംസിലും, പ്രഥമ ലക്ഷദ്വീപ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും മികച്ച വിജയം കൈവരിച്ച് ദ്വീപിന്റെ യശ്ശസ് വാനോളം ഉയർത്തിയ കായിക താരങ്ങളെയും അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സെക്കൻഡ് റണ്ണർ അപ്പ് സ്ഥാനം നേടിയ ടീമിലെ അംഗങ്ങളെയും യൂത്ത് കോൺഗ്രസ് പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് വിവിധ മത്സരയിനങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനവും നടന്നു. ചെത്ത്‌ലാത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഹക്കീം പാട്ടകൽ, ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജാസ് അക്ബർ, വൈസ് പ്രസിഡന്റ് ശിഹാബ് മമ്പുറം, സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് അബ്ദു റഹ്‌മാൻ, ചെത്ത്‌ലാത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം, എൻ.എസ്.യു.ഐ സംസ്ഥാന സെക്രട്ടറി റമീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
















